കളരി::Kalari

"എനിക്കും ഇവരേപ്പോലെ എഴുതണം" എന്ന് ആഗ്രഹിക്കുന്നവര്‍ക്ക്‌...

Thursday, January 19, 2006

എന്തെഴുതണം?

ഭൂമിമലയാളത്തില്‍ എന്തിനേക്കുറിച്ചും നമുക്ക്‌ എഴുതാം. എന്നാല്‍, നമ്മെ ഒഴിയാബാധ പോലെ പിന്തുടരുന്ന ചില സംഗതികളുണ്ടാകും. അവയേക്കുറിച്ചെഴുതിയാല്‍ ബാധ ഒഴിയും, എഴുത്തിന്റെ തിളക്കവും കൂടും.

ജനിച്ച്‌ വളര്‍ന്ന വീടും നാടും വിട്ട്‌ പ്രവാസിയായ വിശാല മനസ്കന്‍ ആ ഓര്‍മ്മകളേക്കുറിച്ച്‌ എഴുതാന്‍ തുടങ്ങി. 'കൊടകര' എന്ന ഗ്രാമം ഇന്ന് നമ്മുടെ മനസ്സില്‍ പച്ച പിടിച്ചു കഴിഞ്ഞു.

ചില നേരത്ത്‌ ഇബ്രുവിനെ ചില വിചാരങ്ങള്‍ പിടിച്ച്‌ കുലുക്കും. വൈകാതെ അത്‌ വാക്കുകളായി വിരിയുന്നു.

സു വീട്ടമ്മയാണ്‌. വീട്ടുകാര്യത്തിനിടയില്‍ തന്നെ അലട്ടുന്ന ഒരുപാട്‌ പ്രശ്നങ്ങള്‍ മനസ്സില്‍ പൊങ്ങിവരുന്നു. അത്‌ മാത്രമാണ്‌ അവര്‍ എഴുതുന്നത്‌.

'പുട്ട്‌ ' ഒരുനാള്‍ കുട്ട്യേടത്തിയെ വശീകരിച്ചു. അതിന്നൊരു 'പ്രസ്ഥാനമായി ' വളര്‍ന്നുകൊണ്ടിരിക്കുന്നു:)

മനസ്സിനെ അലട്ടുന്ന ചിന്തകളേയും വികാരങ്ങളേയും, അവ എന്തുതന്നെ ആയിക്കോട്ടെ, പിന്നീട്‌ വായിക്കാവുന്ന വിധത്തില്‍ എവിടെയെങ്കിലും കോറിയിടുക. (ബ്ലോഗിലിടരുത്‌, ഏവൂരാന്റെ പാതാളക്കരണ്ടിയില്‍ കുടുങ്ങാന്‍ സമയമായിട്ടില്ല). ഒരു 'സ്ക്രാപ്‌ ബുക്‌ ' എപ്പോഴും കയ്യില്‍ കരുതുന്നത്‌ നന്നായിരിക്കും. അതെ, മറ്റുള്ളവര്‍ക്ക്‌ 'സ്ക്രാപ്‌ ' എന്ന് തോന്നുന്ന ചിന്തകള്‍ നമുക്കിവിടെ കോറിയിടാം. നിത്യേനയെന്നോണം ഈ കൊച്ചു പുസ്തകത്തില്‍ രേഖപ്പെടുത്തിയവ ഡയറിയിലേക്ക്‌ പകര്‍ത്തുക, ഒരു ചിന്താശകലത്തിന്‌ ഒരു പേജ്‌ എന്ന തോതില്‍. ഇവയാണ്‌ നിങ്ങളുടെ എഴുത്തിന്റെ ബീജം!

13 Comments:

At 19 January, 2006 13:05, Blogger .::Anil അനില്‍::. said...

ഗുരുവിന്റെ കാലടികള്‍ക്ക് തൊട്ടുപിന്നാലെത്തന്നെയുണ്ട്.
ഈ പാഠഭാഗവുമായി ബന്ധപ്പെട്ട് എന്റെ വിഷ് ലിസ്റ്റില്‍ ഇത് ചേര്‍ത്തോട്ടെ?

 
At 20 January, 2006 21:04, Blogger ഡെയ്‌ന്‍::Deign said...

രേഷ്മാ: 'സ്ക്രാപ്‌ ബുക്‌ ' തയ്യാറാക്കിയോ?

അനില്‍: നല്ലതായി തോന്നുന്നു. മലയാളം വഴങ്ങുമോ ഇവള്‍ക്ക്‌?

 
At 20 January, 2006 21:42, Blogger ദേവന്‍ said...

അപ്പോ എഴുത്തുകളരിയാണല്ലേ.. പയറ്റുകളരിയാണോ എന്ന് സംശയിച്ചാണു കയറിവന്നത്. സമാധാനമായി. വാൾഫൈറ്റ് ഭയക്കേണ്ടല്ലോ

“കാഥികന്റെ പണിപ്പുര“ പോലെ ഒരെണ്ണം ഓൺലൈനിൽ അത്യാവശ്യമാണ്-അക്ഷര വർക്ൿഷോപ്പ് പുരോഗമിക്കട്ടെ..

 
At 21 January, 2006 00:06, Blogger ഡെയ്‌ന്‍::Deign said...

"ഭൂമിമലയാളത്തില്‍ എന്തിനേക്കുറിച്ചും എഴുതാം..." എന്നതിന്‌ ഉത്തമ ഉദാഹരണമാണ്‌ അരവിന്ദിന്റെ 'സൂക്ഷിച്ച്‌ നടക്കുക'

(അരവിന്ദ്‌: തന്റെ കമന്റ്‌ വൈകിയാണ്‌ കണ്ടത്‌. ശരിയാ, വിശാലനെ സൂക്ഷിക്കണം! കരുതിയിരിക്കാം :) :)

ദേവരാഗം: കളരി സന്ദര്‍ശിച്ചതില്‍ സന്തോഷം. 'കാഥികന്റെ പണിപ്പുര' ഇതുവരെ വായിച്ചിട്ടില്ല, 'കളരി'യില്‍ എഴുതുന്നതിന്റെ ത്രില്ല് നഷ്ടപ്പെടുമോ എന്ന് ആശങ്ക(വര്‍ണ്യത്തില്‍:)

 
At 21 January, 2006 00:24, Blogger പെരിങ്ങോടന്‍ said...

എന്റെ രഹസ്യം:

ഞാനെഴുതിയ മിക്കതും, ചുരുങ്ങിയത് ആശയപ്രധാനമായ വരികളെങ്കിലും ഉറങ്ങാന്‍ കിടക്കുമ്പോള്‍ എഴുതിയതാണു്. ലൈറ്റുകള്‍ അണഞ്ഞുകാണും, എങ്കിലും കടലാസും പേനയും തപ്പിയെടുത്ത് എകദേശം ഒരൂഹം വച്ച് ഇരുട്ടിലങ്ങ് എഴുതുകയാണു പതിവ്. പിറ്റേദിവസം കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്താറില്ല.

വെറുതെയല്ലെടോ തന്റെ എഴുത്ത് ഇങ്ങിനെയായേ എന്നു (ഇന്നസെന്റ് എന്തിനാ പഠിക്ക്യണേ? എന്നു ചോദിച്ചപോലെ രണ്ടര്‍ത്ഥത്തിലും) ആര്‍ക്കെങ്കിലും തോന്നുകയാണെങ്കില്‍ എനിക്കഭിപ്രായമോ എതിരഭിപ്രായമോ “ഇല്ല”.

 
At 21 January, 2006 00:39, Blogger ചില നേരത്ത്.. said...

പുലറ്കാലത്തെ ഉറക്കം നഷ്ടപ്പെട്ട ഏതെങ്കിലും നിമിഷാറ്ദ്ധത്തിലായിരിക്കും വല്ലതുമെഴുതാനുള്ള പ്രേരണയുണ്ടാകുന്നത്. തുടക്കം മുതല്‍ ഒടുക്കം വരേയുള്ള വരികള്‍ അളന്നു മുറിച്ചതാവണമെന്ന അത്യാഗ്രഹത്താല്‍ കൂട്ടിയും കിഴിച്ചും, ഒടുക്കം ശല്യം മനസ്സില്‍ നിന്നും ഒഴിഞ്ഞ് പോട്ടെയെന്നും കരുതി ചറാപറായെന്നെഴുതി പോസ്റ്റ് ചെയ്താല്‍ പിന്നെ സമാധാനമായി.
സ്ക്രാപ് ബുക്ക് ഒരത്യാവശ്യം തന്നെ എന്ന് ഇപ്പോള്‍ തോന്നുന്നു.

 
At 21 January, 2006 00:50, Blogger ദേവന്‍ said...

വായിച്ചിട്ടില്ലെൻകിൽ വേണ്ടാ മാഷേ, എം ടി എഴുതുന്നതിനെക്കുറിച്ച് മൂപ്പർ പറഞ്ഞു. അത് മാതിരി ആകേണ്ട കാര്യമില്ല അസ്സൽ ആയാൽ മതി അസ്സല്

മാതിരി
(എന്റെയല്ലാ, എവിടെയോ പണ്ടു കേട്ടത്)

ക്ഷേത്രപ്രവേശന വിളംബരം നടന്നു കുറച്ചുദിവസമേ ആയിട്ടുള്ളു. കുറമ്പൻ മൂപ്പൻ വയലിൽ കന്നുപൂട്ടു കഴിഞ്ഞ് കുളത്തിലൊന്നു മുങ്ങി വെളുത്ത തോർത്തും ചുറ്റി അമ്പലത്തിലോട്ട് കയറി. മുന്നിൽ തൊഴുതു നിൽക്കുന്നു ഒരു നമ്പൂരിശ്ശൻ തേവാരമൊക്കെയായിട്ട്. മൂപ്പനു ഒരു രസം തോന്നി തൊഴുതുപിടിച്ച കൈമുട്ടുകൊണ്ട് നമ്പൂതിരിക്കിട്ട് ഒരുന്തു കൊടുത്തു.

നമ്പൂതിരിക്ക് സഹിച്ചില്ല- അശുദ്ധമായല്ലോ
“താൻ ജാതീൽ എന്താ?” നമ്പൂതിരിചോദിച്ചു അപമാനിക്കാൻ വേറേ ഒരു വഴീം ഇല്ലല്ലോ.

“താൻ ജാതീൽ എന്താ?” കുറമ്പൻ മൂപ്പർ തിരിച്ചും ചോദിച്ചു
“നോം ചോമാതിരി” നമ്പൂരി മസിൽ പിടപ്പിച്ചു.

“അത്രേയുള്ളൊ. എന്നാ കേട്ടോളിൻ, ഞാൻ മാതിരിയൊന്നുമല്ല, അസ്സലാ സാധനം. അസ്സല്”

 
At 21 January, 2006 02:21, Blogger അതുല്യ said...

മാതിരി -- സെക്കന്റ്‌ എഡിഴൻ.

ദുബായീന്ന് 16 മണിക്കൂർ വണ്ടിയോടിച്ചാ കേരളം മാതിരി തന്നെ ഉള്ള ഒരു സ്ഥലത്തു പോവ്വാം, മസ്കറ്റിലെ സലാലയിലു. പറഞ്ഞതു അറബി, മലയാളിയോട്.

4 മണിക്കൂർ പ്ലെയിനിലു ഇരുന്നാ, കേരളത്തീ തന്നെ പോവാല്ലോ?? എന്തിനാ ഒരു മാതിരി ഉള്ള സ്ഥലത്തു പോണേ?

എല്ലാർക്കും സലാം നമസ്തേ. പുതിയ ആളുകളേയും കാണുന്നു. ജോലിതിരക്ക്‌ കഴുത്തിനു പിടിച്ച്‌ തിരിച്ച്‌ ചാവാറായി. എന്നാലും എല്ലാരും എഴുതിയതോക്കെ വായിച്ചിട്ട്‌ ചാവണമ്ന്ന്ണ്ട്‌. ആവോ...

ദേവൻ പോയി, കലേഷിന്റെ കല്ല്യാണ സദ്യ ഉണ്ട വിവരം എല്ലാവരും അറിഞ്ഞിരിക്കുമ്ന്ന് കരുതുന്നു.

 
At 21 January, 2006 03:37, Blogger kumar © said...

ഒരു ഓഫ് റ്റോപിക്ക്.

കലേഷിന്റെ കല്യാണം അപ്പോൾ കഴിഞ്ഞോ?
ഇന്ന് ഉച്ചയ്ക്കായിരുന്നോ മുഹൂർത്തം?

നാട്ടിൽ വന്ന കലേഷുമായി ഇന്നു രാവിലെ ഫോണിൽ സംസാരിച്ചിരുന്നു.. അപ്പോഴൊന്നും ഈ വിവരം അറിഞ്ഞില്ലല്ലോ അതുല്യ ചേച്ചി.
പറ്റിയാൽ ഇന്ന് കള്ളുഷാപ്പിൽ പോകണം എന്നു കലേഷ് പറഞ്ഞിരുന്നു, അവിടെയായിരുന്നോ ദേവാ സദ്യയും?

 
At 21 January, 2006 12:35, Blogger ദേവന്‍ said...

ഓഫ്ടോ-റിപ്ലേ.

1. ഞാന്‍ നാട്ടില്‍ മറ്റന്നാള്‍ രാത്രിയേപോകുന്നുള്ളൂ..ഇപ്പോഴേ പോകാന്‍ ആഗ്രമുണ്ടെങ്കിലും.

2. കലേഷ്‌ പെണ്ണുകാണുമെന്നൊക്കെ പറഞ്ഞിരുന്നുവെന്നല്ലാതെ പ്രോഗ്രസ്‌ അറിയിച്ചിട്ടില്ല ഇതുവരെ എന്നേയും. ഇപ്പോഴത്തെ കാലമല്ലേ, പെണ്ണിനെ കണ്ട്‌ ഇഷ്ടപ്പെട്ട്‌ അവളുടെ കയ്യും പിടിച്ച്‌ ഇറങ്ങിപ്പോന്നോ എന്ന് അറിയില്ല (മൂപ്പര്‍ അങ്ങനെ എടുത്തുചാടില്ലെന്നാണ്‌ എന്റെ ഊഹം)

3. സദ്യ-ഈ വക്കാരി വാങ്ങിത്തരാമെന്ന് ഏറ്റിട്ടുണ്ട്‌, ഇതുവരെ കിട്ടിയില്ലാ.

(ദുബായില്‍ ഇരിക്കുമ്പോള്‍ ഒരു കാലിന്റെ കാല്‍ഭാഗം കേരളത്തില്‍ ചവിട്ടിയാനു നില്‍ക്കുന്നത്‌ നമ്മളൊക്കെ തുല്യേ, അതാണെനിക്കു ഈ സ്ഥലമിഷ്ടം. മിനിമം പ്രവാസം പ്രോജക്റ്റ്‌)
ക്ലാസ്സിന്നിടയില്‍ സംസാരിച്ചാല്‍ നമ്മളെ കളരിയാശാന്‍ വന്നു ചെവിക്കുപിടിക്കുമോ..

 
At 23 January, 2006 00:22, Blogger Reshma said...

ഇരട്ടവര കിട്ടിയില്ല, ഒറ്റ വര സ്ക്രാപ്പായാൽ...?:)

 
At 23 January, 2006 20:54, Blogger ഡെയ്‌ന്‍::Deign said...

പെരിങ്ങോടരെ,
‘രഹസ്യം‘ പങ്കുവച്ചതിന് നന്ദി.

ഇബ്രു,
ആശംസകള്‍

ദേവാ, അതുല്യേ, കുമാറേ,
നിങ്ങള്‍ നല്ല കുട്ടികളായതുകൊണ്ട് തല്‍ക്കാലം ക്ഷമിച്ചിരിക്കുന്നു!

രേഷ്മാ,
“വര ഏതായാലും
വരി നന്നായാല്‍ മതി”

 
At 07 February, 2006 05:55, Blogger കലേഷ്‌ കുമാര്‍ said...

വളരെ നല്ല കാര്യം!!!

 

Post a Comment

<< Home