കളരി::Kalari

"എനിക്കും ഇവരേപ്പോലെ എഴുതണം" എന്ന് ആഗ്രഹിക്കുന്നവര്‍ക്ക്‌...

Tuesday, January 16, 2007

പ്രൊജക്റ്റ് പൂക്കൂട

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി മനസ്സില്‍ കൊണ്ടു നടക്കുകയും ബൂലോഗത്ത് ചിലരുമായി പങ്കുവയ്ക്കുകയും ചെയ്ത ഒരാഗ്രഹം ഇവിടെ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുകയാണ്. ഇനിയും വൈകിക്കൂടാ...

ബൂലോകം അഭൂതപൂര്‍വമായി വളര്‍ന്നുകൊണ്ടിരിക്കുന്നു. നമുക്കെല്ലാം ആഹ്ലാദം പകര്‍ന്നുകൊണ്ട് വിശാലന്റെ കൊടകരപുരാണം പുസ്തകരൂപത്തില്‍ എത്തുന്നു. മാധ്യമങ്ങളുടെ ശ്രദ്ധ നമ്മുടെ നേരെയും തിരിയുന്നു. അതിനിടയില്‍ അസുഖകരമായ ചില അനുഭവങ്ങളും നമ്മള്‍ അഭിമുഖീകരിച്ചു തുടങ്ങിയിരിക്കുന്നു.

എന്നെ അലട്ടുന്ന ചില പ്രശ്നങ്ങള്‍:
1) അനുദിനം പ്രസിദ്ധീകരിക്കപ്പെടുന്ന പോസ്റ്റുകളില്‍ പകുതി പോലും വായിക്കുവാന്‍ സമയം അനുവദിക്കാത്ത അവസ്ഥ.
2) മുഴുവന്‍ സമയവും കമ്പൂട്ടര്‍ മോണിറ്ററില്‍ കണ്ണും നട്ട് ഇരിക്കേണ്ടി വരുന്നത്.
3) യാത്രകള്‍ക്കിടയില്‍ സമയം കൊല്ലേണ്ട സഹചര്യങ്ങള്‍.


സ്വപ്നം കാണുന്ന പരിഹാര മാര്‍ഗ്ഗങ്ങള്‍:
1) ദിവസ ദൈര്‍ഘ്യം 48 മണിക്കൂറായി വര്‍ദ്ധിപ്പിക്കുക(ഐഡിയ പച്ചാളം വക).
2) പോസ്റ്റുകള്‍ യഥാവിധി തരം തിരിച്ച് കാണുവാന്‍ വേണ്ട സങ്കേതം. (പോയ വാരം ഇത്തരം ഒരു ശ്രമം ആയിരുന്നു, സമയക്കുറവ്...)
3) ബ്ലോഗുകളുടെ പുസ്തകരൂപം.


‘പൂക്കൂട’ എന്നൊരു സങ്കല്‍പ്പമാണ് മനസ്സില്‍ തങ്ങി നില്‍ക്കുന്നത്. വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കളും ഇലകളും തണ്ടുകളും മനോഹരമായി അലങ്കരിച്ചു വച്ച പൂക്കൂട പോലെ ബൂലോഗത്തിന്റെ ഓഫ് ലൈന്‍ രൂപം. ‘റീഡേഴ്സ് ഡൈജസ്റ്റ് ’ മാസിക മാതൃകയില്‍(ബാ‍ലരമ സൈസ്), കൂടെ കൊണ്ടു നടക്കാവുന്ന വിധത്തില്‍, സ്വീകരണ മുറികള്‍ക്ക് അലങ്കാരമായി, യാത്രകള്‍ക്ക് കൂട്ടായി, നമ്മുടെ സ്വന്തം ‘പൂക്കൂട’.

പ്രായോഗിക തലത്തിലേക്ക് ആവശ്യമായത്:
1) ബൂലോഗ കൂട്ടായ്മയുടെ നിയമപരമായ അസ്ഥിത്വം, ഇന്ത്യയില്‍ രെജിസ്റ്റര്‍ ചെയ്ത ഒരു സംഘടന.
2) മാസിക പ്രസിദ്ധീകരിക്കുവാനുള്ള ഔദ്യോഗിക അനുവാദം.
3) പുസ്തകത്തിന്റെ വരിസംഖ്യയായി പിരിച്ചെടുക്കുന്ന മുടക്കു മുതല്‍.
4) എഡിറ്റോറിയല്‍ ബോഡ്.
5) അച്ച് നിരത്തലും(?) മുദ്രണവും.
6) തപാലില്‍ വിതരണം.


ഈ പ്രൊജക്റ്റ് പ്രിയപ്പെട്ട ബൂലോഗ കൂടപ്പിറപ്പുകളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നു.

Tuesday, August 22, 2006

ഇളമൊഴി

യെന്തര് 'ഇളമൊഴി'?

ഇളമൊഴിയെന്നാല്‍ വരമൊഴിയുടെ ലളിത രൂപം, ജാവാസ്ക്രിപ്റ്റ് ഉപയോഗിച്ച് രൂപപ്പെടുത്തിയിരിക്കുന്നത്. വിഡോസ് എക്സ്പ്ളോററില്‍ ഓണ്‍ലൈനിലും, ഹാര്‍ഡ് ഡിസ്കില്‍ സേവ് ചെയ്താല്‍ ഓഫ്‌ലൈനിലും പ്രവര്‍ത്തിക്കും. മലയാളം ബ്ലോഗുകള്‍ വായിക്കാന്‍ വേണ്ട സെറ്റിംഗ് മാത്രം മതി ഇത് ഉപയോഗിക്കാന്‍.

'ഇളമൊഴി', വരമൊഴിയുടെ ആശാന്‍ സിബുവിന്റെ ഇളയ മകള്‍ ഇളയ്ക്ക് സമര്‍പ്പണം.

ഇളമൊഴി വന്ന വഴി:

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ ആദ്യമായി കമ്പ്യൂട്ടര്‍ തൊടാന്‍ കിട്ടുന്നത്. അന്ന് മാഷോട് ഒന്നേ ചോദിച്ചുള്ളൂ, ഇതില്‍ മലയാളം ഉണ്ടോന്ന്. ഇല്ല എന്നായിരുന്നു മറുപടി. പിന്നെ ഇതുകൊണ്ടെന്തു കാര്യം എന്നാലോചിച്ചുവെങ്കിലും, ഫീസ് കൊടുത്തുപോയില്ലേ എന്നു കരുതി പഠനം തുടങ്ങി. കമ്പ്യൂട്ടര്‍ ഉപയോഗിക്കണമെങ്കില്‍ സാധാരണ ഭാഷയൊന്നും പോര, കമ്പ്യൂട്ടര്‍ ഭാഷ തന്നെ പഠിക്കണമത്രേ! അങ്ങനെ കയിലുകുത്തു തുടങ്ങി, 'ബേസിക് ' ഭാഷയില്‍. പഠിപ്പിച്ചതെല്ലാം തലയ്ക്ക് മുകളിലൂടെ എങ്ങോ പോയ് മറഞ്ഞെങ്കിലും, ആറുമാസത്തെ പഠനത്തിനൊടുവില്‍ ഒന്ന് ഞാന്‍ സാധിച്ചെടുത്തു: കമ്പ്യൂട്ടര്‍ സ്ക്രീനില്‍ 'അ' എന്ന അക്ഷരം തെളിഞ്ഞു. കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂളില്‍ അന്ന് കോളിളക്കമൊന്നുമുണ്ടായില്ലെങ്കിലും എനിക്കത് വലിയൊരു സംഭവമായിരുന്നു. വീട്ടില്‍ ചെന്ന് പറഞ്ഞു, "ഞാന്‍ കമ്പ്യൂട്ടറില്‍ 'അ' ഉണ്ടാക്കീ.....".

"കമ്പ്യൂട്ടറ്‌ പഠിക്കാനുംന്ന് പറഞ്ഞ് കാശും കളഞ്ഞ് കളിച്ച് നടന്നോടാ"(ഒരു വലിയ ഫുള്‍ സ്റ്റോപ്)

കാലം കടന്നു പോയി. ഒരുപാട് ഡാറ്റ ഇന്റര്‍നെറ്റിലൂടെ ഒഴുകി. നേരാംവണ്ണം ഷുഗറിംഗും ലൈനിംഗുമായി അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന എന്നെ പിടിച്ച് കോളേജ് മാഗസിന്‍ എഡിറ്ററാക്കിയപ്പോഴാണ്‌ വീണ്ടുമൊരിക്കല്‍ കമ്പ്യൂട്ടറും മലയാളവുമായി മല്ലിടാന്‍ തുനിഞ്ഞത്. കോളേജിലെ 'അത്യദ്ധ്വാന'മെല്ലാം കഴിഞ്ഞ് കൊടുങ്ങല്ലൂര്‌ നിന്നും തൃശൂര്‌ പോയി ഡീടീപ്പിസെന്ററില്‍ ഉറക്കമിളച്ചിരുന്ന രാവുകളില്‍, ഞാനും കമ്പൂട്ടര്‍ പഠിച്ചിട്ടുണ്ട് - 'അ' എന്ന അക്ഷരം ഉണ്ടാക്കിയിട്ടുണ്ട്, എന്ന് പലതവണ പറയാന്‍ മുട്ടി. മുട്ടിയപ്പോഴൊക്കെ, കീബോഡില്‍ പറന്നടിക്കുന്ന ഡീടീപ്പീക്കാരന്റെ വിരലുകള്‍ നിവര്‍ന്ന് എന്റെ നേരെ നീണ്ടാലോ എന്നു കരുതി മാത്രം ഞാനെന്റെ ആശയടക്കി. അവസാന പ്രൂഫും തിരുത്തിയ ശേഷം മനസ്സിന്റെ മണിച്ചെപ്പില്‍ സൂക്ഷിച്ചു വച്ചിരുന്ന ഒരാഗ്രഹം ആ വിദ്ധ്വാനുമായി പങ്കുവച്ചു: "ഞാനുമൊന്ന് അടിച്ച് നോക്കട്ടെ ചേട്ടാ?".

"കമ്പ്യൂട്ടര്‍ അറിയോടാ?"

"പിന്നില്ലേ, ഞാന്‍ ഉസ്കൂളീ വച്ച് പഠിച്ചട്ട്ണ്ട്. 'അ' എന്ന അക്ഷരം...."(ബാക്കി ഞാന്‍ കണ്ട്രോള്‌ ചെയ്തു)

Q അടിക്കുമ്പോള്‍ 'ഔ', P അടിച്ചാല്‍ 'ജ', S അടിച്ചാല്‍ 'മ', A അടിച്ചാല്‍ 'ഓ', "ഇതെന്താ ചേട്ടാ ഇങ്ങനെ?"

"പിന്നെങ്ങനെ വേണം?"

"അല്ലാ, ഈ a അടിക്കുമ്പം 'അ', s അടിക്കുമ്പം 'സ'... ഇങ്ങനെയായാല്‍..."

"പിന്നെ നീയൊക്കെ എന്നെ അന്വേഷിച്ച് വര്വോടാ?"

ആ പാവത്തിന്റെ കഞ്ഞിയില്‍ ഡാറ്റയിടണ്ട എന്നു കരുതി വീണ്ടുമൊരു ആശയടക്കം.

പിന്നെയും ഡാറ്റാ ഒഴുക്കിന്റെ കാലം. തലയ്ക്കു മുകളിലെ ശൂന്യാകാശത്തെ ഉപഗ്രഹങ്ങള്‍ വഴിയും കടലിനടിയിലെ കേബിള്‍ വഴിയും ഒഴുക്കു തുടര്‍ന്ന ഡാറ്റ ഒരുനാള്‍ എന്റെ മേശപ്പുറത്തും അതിഥിയായെത്തി. കേട്ടറിവ് വച്ച് തിരച്ചിലോട് തിരച്ചിലായിരുന്നു, എളുപ്പം മലയാളം അടിക്കാനുള്ള കുന്ത്രാണ്ടത്തിനായി. ദാണ്ടെടാ കിടക്കുന്നു ഒരു സിബുവും 'വരമൊഴിയും'. ലോഡിറക്കി മേശപ്പുറത്തിട്ട് ഘടിപ്പിച്ചു. a അടിച്ചു, ദേ 'അ'. i അടിച്ചു, ഹായ് 'ഇ'. u അടിച്ചപോള്‍ 'ഉ'. പിന്നങ്ങട് ചറ പറാന്ന് അടിയായിരുന്നു, കൊതി തീരും വരെ.

വീണ്ടും ഡാറ്റ, ഒഴുക്ക്. ഓപ്പണ്‍ സോഫ്റ്റ്‌വെയറുകാരുടെ അധിനിവേശം. മുളയിലേ നുള്ളിക്കളയപ്പെട്ട എന്നിലെ പ്രോഗ്രാമര്‍ വീണ്ടും മുളപൊട്ടി. വളരെ വൈകിപ്പോയി എന്നു മനസ്സിലാക്കാന്‍ അധികം സമയം വേണ്ടിവന്നില്ല. കോടാനുകോടി കോഡന്മാരും കോഡികളും നിറഞ്ഞാടുന്ന അരങ്ങില്‍ ആസ്വാദകനാവുക എന്നതായി എന്റെ തീരുമാനം. ഈ ആസ്വാദനത്തിന്‌ മാറ്റ് കൂട്ടിയതാകട്ടെ 'ബൂലോഗ'വും.

യൂണീക്കോഡും അഞ്ജലിയും മൊഴിയും മറ്റുമായി നമ്മള്‍ ആഘോഷമായി മുന്നോട്ട് പോകുമ്പോള്‍ വഴിയരികില്‍ കാഴ്ചക്കാരായി നില്‍ക്കുന്ന ചിലരെ കാണുവാനിടയായി. നെറ്റ് വര്‍ക്ക് അഡ്മിനിമാരുടെ കരാളഹസ്തത്തില്‍ പെട്ട് ഉഴലുന്ന, ഓഫീസിലെ മേശപ്പുറത്ത് വരമൊഴിക്കൂട്ടം ഘടിപ്പിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ബൂലോഗത്ത് ആടിത്തിമിര്‍ക്കുവാന്‍ സാധിക്കാതെ വെമ്പല്‍ കൊള്ളുന്ന, ഒരുകൂട്ടം ഹതഭാഗ്യരെ. വരമൊഴിയുടെ ഓണ്‍ ലൈന്‍ പതിപ്പ് ലഭ്യമാണെങ്കിലും പലരും കടന്നുവരുവാന്‍ മടിച്ചു.

വിജയ് ലക്ഷ്മീനാരായണന്റെ ഭാരത ഭാഷകള്‍ക്കായുള്ള കണ്‍വേര്‍ട്ടറിനേക്കുറിച്ച് പെരിങ്ങോടനാണ്‌ സൂചിപ്പിച്ചത്, സമയവും സൌകര്യവുമുള്ള ആരെങ്കിലും അതില്‍ വരമൊഴിയുടെ ലിപിവിന്യാസം ഉള്‍പ്പെടുത്തും എന്ന ആഗ്രഹത്തോടെ. സ്ക്രിപ്റ്റ് സാഗരത്തിന്റെ തീരത്ത് തെണ്ടിത്തിരിഞ്ഞ് നടക്കുമ്പോള്‍ കാണുന്ന ഞണ്ടും കക്കയുമെല്ലാം പെറുക്കി നോക്കാറുണ്ടെന്നതൊഴിച്ചാല്‍ പ്രോഗ്രാമിംഗ് എനിക്കിന്നും അന്യം. 'ഹാപ്പി എക്സ്പെരിമെന്റിംഗ് ' എന്ന ലക്ഷ്മീനാരായണന്റെ ആശംസയാണ്‌ ഇതൊന്ന് നോക്കിക്കളയാം എന്നെന്നില്‍ തോന്നിച്ചത്. പിന്നെ പണ്ട് 'അ' ഉണ്ടാക്കിയതിന്റെ ആവേശവും. ബൂലോഗത്തെ പുലികളോട് പല മണ്ടത്തരവും ചോദിച്ച് ചോദിച്ച് ഒടുവില്‍ ഏതാണ്ട് ലക്ഷ്യം കണ്ടു.

പരിമിതികള്‍ പലതുമുണ്ടെങ്കിലും പലര്‍ക്കും ഇളമൊഴി പ്രയോജനപ്പെടുന്നു എന്നറിയുന്നതില്‍ സന്തോഷം. ഇനിയും എഴുതിയാല്‍ ഇതെന്തോ വലിയ സംഭവമാണെന്ന് എനിക്ക് തോന്നും. ഇതുകൂടി പറഞ്ഞ് അവസാനിപ്പിക്കട്ടെ, ഈ പോസ്റ്റ് തയ്യാറാക്കിയത് (ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഒഴികെ) ഇളമൊഴി ഉപയോഗിച്ചാണ്‌.

Tuesday, March 28, 2006

കഥാഘടന

തുടക്കം > അടക്കം > ഒടുക്കം എന്നതാണ്‌ കഥയുടെ ഘടന.

തുടക്കം
ആദ്യ ഖണ്ഡികയില്‍ പശ്ചാത്തലവും കഥാപാത്രങ്ങളും കടന്നു വരട്ടെ. വായനക്കാരനില്‍ താല്‍പര്യം ജനിപ്പിക്കുന്നതാവണം അവതരണം. പണ്ട്‌ പണ്ടൊരു ഫോറസ്റ്റില്‍ ചിണ്ടനും മണ്ടനും(ശ്രീജിത്ത്‌ അല്ല) ഉണ്ടായിരുന്നു... രീതിയില്‍. അനായാസം മനസ്സിലാകുന്നതും കിറുകൃത്യവുമായ ശൈലിയാണ്‌ നന്ന്. ചിണ്ടന്‍ പുലിയും, മണ്ടന്‍ കഴുതപ്പുലിയും ആയിരുന്നു(പറഞ്ഞില്ലേ ശ്രീജിത്തല്ലെന്ന്!). ഓര്‍ക്കുക, തുടര്‍ന്നു വായിക്കാനുള്ള താല്‍പര്യം ജനിപ്പിക്കുക എന്നതാണ്‌ ലക്ഷ്യം. കൂടുതല്‍ വിവരങ്ങളും വിശേഷങ്ങളും സംഭവ വികാസങ്ങളും അടുത്ത ഭാഗത്ത്‌ ഉള്‍പ്പെടുത്തിയാല്‍ മതി.

അടക്കം(ഉള്ളടക്കം)
ഇവിടെയാണ്‌ കഥ നടക്കുന്നത്‌. ചുരുക്കം ഖണ്ഡികകളില്‍ കഥ പറയുക. കഴിഞ്ഞ ലക്കത്തില്‍ നിന്നുള്ള ഉദാഹരണം എടുത്താല്‍, ഞങ്ങള്‍ ഹോട്ടലില്‍ കയറിയതും ചായ കുടിച്ചതും മറ്റും.

"ഒരുപാടങ്ങുലത്തല്ലേ..." എന്ന് കേട്ടിരിക്കുമല്ലോ. ഒരുപാടുലത്തിയാല്‍ തിന്നാന്‍ കൊള്ളുകേല. അതുപോലെ ഒരുപാടെഴുതിയാല്‍ വായിക്കാനും. കഥാഗതിയില്‍ നിന്ന് മാറിപ്പോകാതിരിക്കാന്‍ 'ക്രിയേറ്റിവിറ്റി'ക്ക്‌ കടിഞ്ഞാണിടുക(ഹൊ! ഈ ക്രിയേറ്റിവിറ്റിയേക്കൊണ്ട്‌ തോറ്റു). കഥയുടെ ഒടുക്കത്തിലേക്ക്‌ കടക്കുന്നതിനു മുന്‍പായി ഇവിടെ വച്ച്‌ തന്നെ കട്ടയും പടവും മടക്കാന്‍ ഒരുങ്ങാം. 'വിഖ്യാതമാകാന്‍' പോകുന്ന ആ ക്ലൈമാക്സിലേക്ക്‌ ഇപ്പോഴേ ഒരുക്കുക! ചായ കുടി കഴിഞ്ഞ്‌ ഹോട്ടലിന്റെ പിന്നാമ്പുറത്തുള്ള മൂത്രപ്പുര അന്വേഷിച്ച്‌ പോകുന്നത്‌ ഉദാഃ.

ഒടുക്കം
എല്ലാം അവസാനിക്കുന്നത്‌ ഇവിടെയാണ്‌. വായനക്കാരന്‍ നിങ്ങളുടെ കഴുത്തിന്‌ കുത്തിപ്പിടിക്കുന്നു, ഫോണില്‍ വിളിച്ച്‌ തെറി പറയുന്നു, രൂക്ഷമായി കമന്റുന്നു. അങ്ങിനെ നിങ്ങളുടെ കഥയെഴുത്ത്‌ അവസാനിക്കുന്നു!

ഇങ്ങനെ സംഭവിക്കാതിരിക്കാന്‍, ഒന്നോ രണ്ടോ ഖണ്ഡികയില്‍ ഒടുക്കം ഒതുക്കുക. ഉള്ളടക്കത്തില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കുക. ഉദാഃ "ഈ ചായയ്ക്ക്‌ എങ്ങിനെയാ ഇത്ര കൊഴുപ്പ്‌ കിട്ടുന്നത്‌?" അണ്ണാച്ചി കുളിച്ച പാലല്ലിയോ ഇത്‌!. ചോദ്യോം ഉത്തരോം നേരിട്ട്‌ നല്‍കണം എന്നല്ല, വാക്കുകളില്‍ അത്‌ ഉള്‍ക്കൊള്ളണം. കഥാന്ത്യം അല്‍പം സര്‍പ്രൈസോടെ ആവുന്നത്‌ നന്ന്. 'ഇനിയെന്താകും' എന്ന് വായനക്കാര്‍ക്ക്‌ ആലോചിക്കാന്‍ വിട്ട്‌ കൊടുക്കുന്നതും നല്ല ഐഡിയ ആണ്‌. എങ്ങിനെയായാലും വായിച്ചുകൊണ്ടിരുന്ന കഥ തീര്‍ന്നതായി വായനക്കാരന്‌ തോന്നണം.

(ടിപ്‌: സസ്പന്‍സിലോ സര്‍പ്രൈസിലോ കഥ അവസാനിപ്പിക്കുമ്പോള്‍ 'ടപ്പേ'ന്ന് ആയിരിക്കണം. അവസാനിച്ച നിമിഷത്തില്‍ നിന്ന് ഒരു അക്ഷരം പോലും തുടര്‍ന്ന് എഴുതരുത്‌)

എത്ര ശ്രദ്ധിച്ച്‌ എഴുതിയാലും, വീണ്ടും വായിക്കുമ്പോള്‍ തിരുത്താവുന്ന ഒരുപാട്‌ സംഗതികള്‍ ഉണ്ടാവും. അവയേക്കുറിച്ച്‌ അടുത്ത ലക്കത്തില്‍...

Wednesday, February 15, 2006

പാത്രസൃഷ്ടി

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച...

ചെറുകഥയില്‍ കഥാപാത്രങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുക. കഥാപാത്രങ്ങളെ അവതരിപ്പിക്കാനും അവരേക്കുറിച്ച്‌ വര്‍ണ്ണിക്കാനും ഒരുപാടങ്ങ്‌ ശ്രമിച്ചാല്‍ പരമ ബോറാകും. കഥയ്ക്ക്‌ അനുയോജ്യമായതും എന്നാല്‍ അത്യാവശ്യമുള്ളതുമായ പാത്രങ്ങളെ മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ.

ഒരു ഓമ്ലേറ്റ്‌ ഉണ്ടാക്കി തിന്നാന്‍ ചീനച്ചട്ടി മാത്രം മതിയാകും. സവാളയും പച്ചമുളകും ചേര്‍ത്ത്‌ ആര്‍ഭാടമാക്കണമെങ്കില്‍ ഇവ മിക്സ്‌ ചെയ്യാന്‍ ഒരു ഗ്ലാസ്സും സ്പൂണും കൂടിയാവാം. കറിക്കലവും ചോറുകലവും പ്രഷര്‍ കുക്കറുമെല്ലാം അടുക്കളയിലുണ്ടാകും, അതവിടെത്തന്നെ ഇരുന്നോട്ടെ. ആ ഭാഗത്തേക്ക്‌ ഒന്ന് നോക്കുക പോലും വേണ്ട.

ഊട്ടിയിലേക്കുള്ള വിനോദയാത്രാ സംഘത്തില്‍ ഭാനുവേട്ടത്തീടെ വല്യമ്മേടെ പേരക്കുട്ടീം കെട്ട്യോനും പൌലോസേട്ടന്റെ നാലാമത്തെ മോനും മരുമോളും ജബ്ബാറിന്റെ അളിയനും കുടുംബവും എല്ലാം ഉണ്ടാകും. കഥയില്‍ പക്ഷേ 'ഞാന്‍/ഞങ്ങള്‍' മാത്രം മതി. അതില്‍ എല്ലാവരും അടങ്ങി.

ഹോട്ടല്‍ കൌണ്ടറില്‍ നെറ്റിയില്‍ വാരിത്തേച്ച കുറിയുമായി മുതലാളി ഇരിപ്പുണ്ടാകും. മറ്റ്‌ വിനോദയാത്രാ സംഘങ്ങള്‍, സപ്ലെയര്‍മാര്‍, മേശ തുടയ്ക്കുന്ന ചെക്കന്മാര്‍, പാചകക്കാര്‍, ഇവരെയെല്ലാം കാണാം. നമുക്കിവരെയൊന്നും വേണ്ട. അത്യാവശ്യമെങ്കില്‍, മൂത്രപ്പുര കാട്ടിത്തരാന്‍ ഒരു ചെക്കനെ അറെയ്ഞ്ച്‌ ചെയ്യാം.

നായകനെ നമുക്ക്‌ പാണ്ടിയെന്നോ അണ്ണാച്ചിയെന്നോ തരം പോലെ വിളിക്കാം. അയാളുടെ സഹായിയോ മറ്റ്‌ വായ്‌ നോക്കികളോ പരിസരത്തുണ്ടാകും. നമ്മുടെ കഥയുടെ ഏഴയലത്ത്‌ അവരെ അടുപ്പിക്കേണ്ട.

ഇനി കഥാപാത്രങ്ങളെ പശ്ചാത്തലവുമായി ചുരുങ്ങിയ വാക്യങ്ങളില്‍ ബന്ധിപ്പിക്കണം.

ഞങ്ങള്‍ + ഊട്ടി
ഞങ്ങള്‍ + ഹോട്ടല്‍ + കൊഴുത്ത ചായ/പാലുംവെള്ളം
ഞാന്‍/ഞങ്ങള്‍ + മുത്രപ്പുര + പിന്നാമ്പുറം
പിന്നാമ്പുറം + പാല്‍ സപ്ലേ കമ്പനി + പാല്‍ നിറച്ച ടാങ്ക്‌ + അണ്ണാച്ചി

കഥയുടെ ഘടനയേക്കുറിച്ച്‌ അടുത്ത പോസ്റ്റില്‍,
ആശംസകള്‍

Thursday, February 09, 2006

ആശയാവിഷ്കാരം - പശ്ചാത്തലം

എഴുത്തിന്‌ വേണ്ട ആശയങ്ങള്‍ എങ്ങിനെ കണ്ടെത്താമെന്ന് കഴിഞ്ഞ രണ്ട്‌ പോസ്റ്റുകളില്‍ (1, 2) പറഞ്ഞുവല്ലോ.

ചെറുകഥയില്‍ തുടങ്ങാം.
പേരുപോലെ തന്നെ, ചെറുകഥ ചെറുതായിരിക്കണം. എഴുതിത്തുടങ്ങുമ്പോള്‍ അങ്ങിനെ ആയിരിക്കുകയുമരുത്‌. ആശയത്തെ ഏതെല്ലാം രീതിയില്‍ വികസിപ്പിക്കാമോ, അതെല്ലാം എഴുതുക. പിന്നീട്‌ നമുക്ക്‌ വെട്ടിയൊരുക്കാം.
താഴെ കൊടുത്തിരിക്കുന്ന ആശയത്തെ ആസ്പദമാക്കി മുന്നോട്ട്‌:

"തമിഴ്‌ നാട്ടിലെ ഒരു ഹോട്ടലിനു പുറകുവശത്ത്‌, പറമ്പിലെ ടാങ്കില്‍ ഇറങ്ങി നിന്ന് പാത്രങ്ങളില്‍ പാല്‍ നിറയ്ക്കുന്ന അണ്ണാച്ചിയെ കണ്ടു."

ചെറുകഥകളില്‍ പശ്ചാത്തലത്തിന്‌ പലപ്പോഴും വലിയ പ്രാധാന്യം കൊടുത്തു കാണാറില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുക്കുകയാണ്‌ പതിവ്‌.

ഇവിടെ, തമിഴ്‌ നാട്ടിലെ ഒരു ഹോട്ടലിന്റെ പിന്നാമ്പുറമാണ്‌ പശ്ചാത്തലം. തമിഴ്‌ നാടിനു പകരം മറ്റ്‌ വല്ല സ്ഥലവും തീരുമാനിക്കാം. പാലും അണ്ണാച്ചിയും തമ്മിലുള്ള 'കളര്‍ കോമ്പിനേഷന്‍' കിട്ടുന്ന ഇടമായാല്‍ നന്ന്. മലയാളികള്‍ മോന്തുന്ന, നല്ല കൊഴുപ്പുള്ള പാലെല്ലാം ഇന്ന് വരുന്നത്‌ തമിഴ്‌ നാട്ടില്‍ നിന്നാണ്‌ എന്ന ശ്രദ്ധേയമായ സംഗതി നമുക്കുപയോഗപ്പെടുത്താം. (മോന്തുക എന്ന വാക്ക്‌, ശ്രദ്ധയില്ലാതെ ഉപയോഗിക്കുക എന്ന അര്‍ത്ഥത്തിലാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌.)

ഊട്ടി, പ്രകൃതിരമണീയമാണ്‌. അതിനൊരപവാദമാണ്‌ ഇത്തരം ഹോട്ടലുകള്‍. ആധികാരികതയ്ക്ക്‌ ഊന്നല്‍ കൊടുക്കുവാന്‍ 'മേട്ടുപ്പാളയം' കൂടി ചേര്‍ക്കാം. തമിഴ്‌ നാട്ടില്‍ ഇതല്ലാതെ സ്ഥലങ്ങള്‍ ഒരുപാടുണ്ട്‌. നിങ്ങള്‍ക്ക്‌ പരിചയമുള്ള പശ്ചാത്തലം ഉപയോഗിക്കുകയുമാകാം. മെഡിസിനും എന്‍ജിനിയറിംഗും പഠിക്കാന്‍ പോയ സ്ഥലമോ, ചിറ്റയുടെ നാത്തൂന്റെ ആങ്ങളയുടെ മോളുടെ കല്യാണത്തിന്‌ പോയ സ്ഥലമോ, എന്തും. ഇവിടെയാണ്‌ നിങ്ങള്‍ 'ക്രിയേറ്റിവിറ്റി' കാണിച്ച്‌ തുടങ്ങേണ്ടത്‌.

ഹോട്ടലിലെ കൊഴുത്ത ചായയും പിന്നാമ്പുറത്തെ പാലും തമ്മില്‍ ഊഷ്മളമായ ഒരു ബന്ധം വാര്‍ത്തെടുക്കാന്‍ കഴിയുന്നില്ലേ! ഈ ബന്ധം, താമസിച്ചിരുന്ന ഹോസ്റ്റല്‍ തമ്മിലോ കല്യാണത്തിന്‌ തങ്ങിയ ഗസ്റ്റ്‌ ഹൌസ്‌ തമ്മിലോ ആകാം. (ദേ പിന്നേം ക്രിയേറ്റിവിറ്റി)

മനസ്സില്‍ തെളിയുന്ന പശ്ചാത്തലങ്ങള്‍ ഒന്നൊഴിയാതെ പകര്‍ത്തുക, നമ്മള്‍ എഴുത്ത്‌ ആരംഭിച്ചു കഴിഞ്ഞു!

(ഇനിയുള്ള ഭാഗങ്ങള്‍, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു...)

Wednesday, February 08, 2006

ആശയ ദാരിദ്ര്യം

ബൂലോഗത്ത്‌, ആശയദാരിദ്ര്യത്തേക്കുറിച്ച്‌ ചില പരാമര്‍ശങ്ങള്‍ ഈയിടെ കണ്ടു.

മഷിത്തണ്ട്‌ കൊണ്ട്‌ സ്ലേറ്റില്‍ തറ പറ എഴുതി മായ്ച്ചത്‌...
കടലാസ്‌ പെന്‍സില്‍ ആദ്യമായി സ്വയം ചെത്തിക്കൂര്‍പ്പിച്ചത്‌...
പേനയില്‍ മഷി നിറച്ചപ്പോള്‍, കഷ്ടപ്പെട്ട്‌ എഴുതിത്തീര്‍ത്ത ഇമ്പോസീഷന്‍ വൃത്തികേടാക്കിയത്‌...
അവളെന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചെങ്കില്‍ എന്നാശിച്ചത്‌...
തൊടുത്തുവിട്ട കടലാസ്‌ റോക്കറ്റ്‌ ലക്ഷ്യം തെറ്റി അംബിക ടീച്ചറുടെ കവിളില്‍ ചെന്നിടിച്ചത്‌...
ഈ ചെക്കന്മാര്‍ക്കെന്താ പ്രാന്താ, എന്നെ ഇങ്ങനെ നോക്കാന്‍, എന്ന് ചിന്തിച്ചത്‌...
പൂവാലനു പകരം കൂട്ടുകരിയെത്തന്നെ സേഫ്റ്റീപിന്നുകൊണ്ട്‌ കുത്തിപ്പോയത്‌...
ക്യാപ്റ്റന്‍ ഇമാന്‍ഷു റാവത്ത്‌ യാത്രാ ദൈര്‍ഖ്യത്തേക്കുറുച്ചും 3600 അടി ഉയരത്തിലാണ്‌ നമ്മള്‍ എന്നും മറ്റും, ആദ്യ വിമാനയാത്രയില്‍, അനൌണ്‍സ്‌ ചെയ്തത്‌...
ഇന്നലെ കേയെസ്സാര്‍ടീസീ കണ്ടക്ടര്‍ ടിക്കറ്റ്‌ യന്ത്രത്തില്‍ നിന്നുപോലും തുപ്പല്‍ തൊട്ട്‌ ടിക്കറ്റ്‌ കീറി തന്നത്‌...

'സ്ക്രാപ്‌ ബുക്കില്‍' ഇവയെല്ലാം നിങ്ങള്‍ കുറിച്ച്‌ വച്ചിട്ടുണ്ടെങ്കില്‍ ഈ ദാരിദ്ര്യത്തേപ്പറ്റി ചിന്തിക്കുക പോലുമില്ലല്ലോ!

പറമ്പില്‍ ചീരയും ചേമ്പിന്‍ താളും മുരിങ്ങയിലയും പിണ്ടിയും കുടപ്പനും ഇടിയന്‍ ചക്കയും സമൃദ്ധം. വിരുന്നുകാര്‍ വരുമ്പോള്‍, 'കറിവയ്ക്കാന്‍ ഒന്നുമില്ലല്ലോ' എന്ന് വിലപിക്കുകയാണോ?

പ്രശ്നം ആശയ ദാരിദ്ര്യമല്ല, ആശയാവിഷ്കാര ദാരിദ്ര്യമാണ്‌.

സുഹൃത്ത്‌ പറഞ്ഞു:
"ഊട്ടിയില്‍ നിന്നും വരുന്ന വഴി, മേട്ടുപ്പാളയത്തെ ഹോട്ടലിനു പുറകുവശത്തുള്ള പറമ്പിലെ ടാങ്കില്‍ ഇറങ്ങി നിന്ന് പാത്രങ്ങളില്‍ പാല്‍ നിറയ്ക്കുന്ന അണ്ണാച്ചിയെ കണ്ടു."

ഈ ആശയത്തെ എങ്ങിനെയെല്ലാം ആവിഷ്കരിക്കാമെന്ന് അടുത്ത പോസ്റ്റില്‍.

Thursday, January 19, 2006

എന്തെഴുതണം?

ഭൂമിമലയാളത്തില്‍ എന്തിനേക്കുറിച്ചും നമുക്ക്‌ എഴുതാം. എന്നാല്‍, നമ്മെ ഒഴിയാബാധ പോലെ പിന്തുടരുന്ന ചില സംഗതികളുണ്ടാകും. അവയേക്കുറിച്ചെഴുതിയാല്‍ ബാധ ഒഴിയും, എഴുത്തിന്റെ തിളക്കവും കൂടും.

ജനിച്ച്‌ വളര്‍ന്ന വീടും നാടും വിട്ട്‌ പ്രവാസിയായ വിശാല മനസ്കന്‍ ആ ഓര്‍മ്മകളേക്കുറിച്ച്‌ എഴുതാന്‍ തുടങ്ങി. 'കൊടകര' എന്ന ഗ്രാമം ഇന്ന് നമ്മുടെ മനസ്സില്‍ പച്ച പിടിച്ചു കഴിഞ്ഞു.

ചില നേരത്ത്‌ ഇബ്രുവിനെ ചില വിചാരങ്ങള്‍ പിടിച്ച്‌ കുലുക്കും. വൈകാതെ അത്‌ വാക്കുകളായി വിരിയുന്നു.

സു വീട്ടമ്മയാണ്‌. വീട്ടുകാര്യത്തിനിടയില്‍ തന്നെ അലട്ടുന്ന ഒരുപാട്‌ പ്രശ്നങ്ങള്‍ മനസ്സില്‍ പൊങ്ങിവരുന്നു. അത്‌ മാത്രമാണ്‌ അവര്‍ എഴുതുന്നത്‌.

'പുട്ട്‌ ' ഒരുനാള്‍ കുട്ട്യേടത്തിയെ വശീകരിച്ചു. അതിന്നൊരു 'പ്രസ്ഥാനമായി ' വളര്‍ന്നുകൊണ്ടിരിക്കുന്നു:)

മനസ്സിനെ അലട്ടുന്ന ചിന്തകളേയും വികാരങ്ങളേയും, അവ എന്തുതന്നെ ആയിക്കോട്ടെ, പിന്നീട്‌ വായിക്കാവുന്ന വിധത്തില്‍ എവിടെയെങ്കിലും കോറിയിടുക. (ബ്ലോഗിലിടരുത്‌, ഏവൂരാന്റെ പാതാളക്കരണ്ടിയില്‍ കുടുങ്ങാന്‍ സമയമായിട്ടില്ല). ഒരു 'സ്ക്രാപ്‌ ബുക്‌ ' എപ്പോഴും കയ്യില്‍ കരുതുന്നത്‌ നന്നായിരിക്കും. അതെ, മറ്റുള്ളവര്‍ക്ക്‌ 'സ്ക്രാപ്‌ ' എന്ന് തോന്നുന്ന ചിന്തകള്‍ നമുക്കിവിടെ കോറിയിടാം. നിത്യേനയെന്നോണം ഈ കൊച്ചു പുസ്തകത്തില്‍ രേഖപ്പെടുത്തിയവ ഡയറിയിലേക്ക്‌ പകര്‍ത്തുക, ഒരു ചിന്താശകലത്തിന്‌ ഒരു പേജ്‌ എന്ന തോതില്‍. ഇവയാണ്‌ നിങ്ങളുടെ എഴുത്തിന്റെ ബീജം!