കളരി::Kalari

"എനിക്കും ഇവരേപ്പോലെ എഴുതണം" എന്ന് ആഗ്രഹിക്കുന്നവര്‍ക്ക്‌...

Thursday, February 09, 2006

ആശയാവിഷ്കാരം - പശ്ചാത്തലം

എഴുത്തിന്‌ വേണ്ട ആശയങ്ങള്‍ എങ്ങിനെ കണ്ടെത്താമെന്ന് കഴിഞ്ഞ രണ്ട്‌ പോസ്റ്റുകളില്‍ (1, 2) പറഞ്ഞുവല്ലോ.

ചെറുകഥയില്‍ തുടങ്ങാം.
പേരുപോലെ തന്നെ, ചെറുകഥ ചെറുതായിരിക്കണം. എഴുതിത്തുടങ്ങുമ്പോള്‍ അങ്ങിനെ ആയിരിക്കുകയുമരുത്‌. ആശയത്തെ ഏതെല്ലാം രീതിയില്‍ വികസിപ്പിക്കാമോ, അതെല്ലാം എഴുതുക. പിന്നീട്‌ നമുക്ക്‌ വെട്ടിയൊരുക്കാം.
താഴെ കൊടുത്തിരിക്കുന്ന ആശയത്തെ ആസ്പദമാക്കി മുന്നോട്ട്‌:

"തമിഴ്‌ നാട്ടിലെ ഒരു ഹോട്ടലിനു പുറകുവശത്ത്‌, പറമ്പിലെ ടാങ്കില്‍ ഇറങ്ങി നിന്ന് പാത്രങ്ങളില്‍ പാല്‍ നിറയ്ക്കുന്ന അണ്ണാച്ചിയെ കണ്ടു."

ചെറുകഥകളില്‍ പശ്ചാത്തലത്തിന്‌ പലപ്പോഴും വലിയ പ്രാധാന്യം കൊടുത്തു കാണാറില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുക്കുകയാണ്‌ പതിവ്‌.

ഇവിടെ, തമിഴ്‌ നാട്ടിലെ ഒരു ഹോട്ടലിന്റെ പിന്നാമ്പുറമാണ്‌ പശ്ചാത്തലം. തമിഴ്‌ നാടിനു പകരം മറ്റ്‌ വല്ല സ്ഥലവും തീരുമാനിക്കാം. പാലും അണ്ണാച്ചിയും തമ്മിലുള്ള 'കളര്‍ കോമ്പിനേഷന്‍' കിട്ടുന്ന ഇടമായാല്‍ നന്ന്. മലയാളികള്‍ മോന്തുന്ന, നല്ല കൊഴുപ്പുള്ള പാലെല്ലാം ഇന്ന് വരുന്നത്‌ തമിഴ്‌ നാട്ടില്‍ നിന്നാണ്‌ എന്ന ശ്രദ്ധേയമായ സംഗതി നമുക്കുപയോഗപ്പെടുത്താം. (മോന്തുക എന്ന വാക്ക്‌, ശ്രദ്ധയില്ലാതെ ഉപയോഗിക്കുക എന്ന അര്‍ത്ഥത്തിലാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌.)

ഊട്ടി, പ്രകൃതിരമണീയമാണ്‌. അതിനൊരപവാദമാണ്‌ ഇത്തരം ഹോട്ടലുകള്‍. ആധികാരികതയ്ക്ക്‌ ഊന്നല്‍ കൊടുക്കുവാന്‍ 'മേട്ടുപ്പാളയം' കൂടി ചേര്‍ക്കാം. തമിഴ്‌ നാട്ടില്‍ ഇതല്ലാതെ സ്ഥലങ്ങള്‍ ഒരുപാടുണ്ട്‌. നിങ്ങള്‍ക്ക്‌ പരിചയമുള്ള പശ്ചാത്തലം ഉപയോഗിക്കുകയുമാകാം. മെഡിസിനും എന്‍ജിനിയറിംഗും പഠിക്കാന്‍ പോയ സ്ഥലമോ, ചിറ്റയുടെ നാത്തൂന്റെ ആങ്ങളയുടെ മോളുടെ കല്യാണത്തിന്‌ പോയ സ്ഥലമോ, എന്തും. ഇവിടെയാണ്‌ നിങ്ങള്‍ 'ക്രിയേറ്റിവിറ്റി' കാണിച്ച്‌ തുടങ്ങേണ്ടത്‌.

ഹോട്ടലിലെ കൊഴുത്ത ചായയും പിന്നാമ്പുറത്തെ പാലും തമ്മില്‍ ഊഷ്മളമായ ഒരു ബന്ധം വാര്‍ത്തെടുക്കാന്‍ കഴിയുന്നില്ലേ! ഈ ബന്ധം, താമസിച്ചിരുന്ന ഹോസ്റ്റല്‍ തമ്മിലോ കല്യാണത്തിന്‌ തങ്ങിയ ഗസ്റ്റ്‌ ഹൌസ്‌ തമ്മിലോ ആകാം. (ദേ പിന്നേം ക്രിയേറ്റിവിറ്റി)

മനസ്സില്‍ തെളിയുന്ന പശ്ചാത്തലങ്ങള്‍ ഒന്നൊഴിയാതെ പകര്‍ത്തുക, നമ്മള്‍ എഴുത്ത്‌ ആരംഭിച്ചു കഴിഞ്ഞു!

(ഇനിയുള്ള ഭാഗങ്ങള്‍, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു...)

4 Comments:

At 09 February, 2006 23:13, Blogger സ്വാര്‍ത്ഥന്‍ said...

This comment has been removed by a blog administrator.

 
At 10 February, 2006 22:43, Blogger Kalesh Kumar said...

കളരി തുടങ്ങി!
എഴുതി തെളിയാനാഗ്രഹിക്കുന്നവരേ, ഇതിലേ...

വളരെ നല്ല ഒരു സംരഭമാണിത് - ഇതുവരെ ആർക്കും തോന്നാത്തത്.
ആശംസകളും ഭാവുകങ്ങളും നേരുന്നു!

 
At 10 February, 2006 23:37, Blogger ചില നേരത്ത്.. said...

'അതിനൊരപവാമാണ്‌' അതോ അതിനൊരപവാമോ?..
ഈ അപരാധം പൊറുക്കുമല്ലോ?
-ഇബ്രു-

 
At 11 February, 2006 02:51, Blogger സ്വാര്‍ത്ഥന്‍ said...

നന്ദി കലേഷ്

ഇബ്രൂ,
അപരാധം പൊറുത്തിരിക്കുന്നു.
അപവാദം തിരുത്തിയിരിക്കുന്നു.
ഇങ്ങനെ കൊണ്ടും കൊടുത്തുമെല്ലെടോ, നമ്മള്‍ വലുതാവുകയുള്ളൂ.
താങ്ക്സ്

 

Post a Comment

<< Home