കളരി::Kalari

"എനിക്കും ഇവരേപ്പോലെ എഴുതണം" എന്ന് ആഗ്രഹിക്കുന്നവര്‍ക്ക്‌...

Wednesday, February 15, 2006

പാത്രസൃഷ്ടി

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച...

ചെറുകഥയില്‍ കഥാപാത്രങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുക. കഥാപാത്രങ്ങളെ അവതരിപ്പിക്കാനും അവരേക്കുറിച്ച്‌ വര്‍ണ്ണിക്കാനും ഒരുപാടങ്ങ്‌ ശ്രമിച്ചാല്‍ പരമ ബോറാകും. കഥയ്ക്ക്‌ അനുയോജ്യമായതും എന്നാല്‍ അത്യാവശ്യമുള്ളതുമായ പാത്രങ്ങളെ മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ.

ഒരു ഓമ്ലേറ്റ്‌ ഉണ്ടാക്കി തിന്നാന്‍ ചീനച്ചട്ടി മാത്രം മതിയാകും. സവാളയും പച്ചമുളകും ചേര്‍ത്ത്‌ ആര്‍ഭാടമാക്കണമെങ്കില്‍ ഇവ മിക്സ്‌ ചെയ്യാന്‍ ഒരു ഗ്ലാസ്സും സ്പൂണും കൂടിയാവാം. കറിക്കലവും ചോറുകലവും പ്രഷര്‍ കുക്കറുമെല്ലാം അടുക്കളയിലുണ്ടാകും, അതവിടെത്തന്നെ ഇരുന്നോട്ടെ. ആ ഭാഗത്തേക്ക്‌ ഒന്ന് നോക്കുക പോലും വേണ്ട.

ഊട്ടിയിലേക്കുള്ള വിനോദയാത്രാ സംഘത്തില്‍ ഭാനുവേട്ടത്തീടെ വല്യമ്മേടെ പേരക്കുട്ടീം കെട്ട്യോനും പൌലോസേട്ടന്റെ നാലാമത്തെ മോനും മരുമോളും ജബ്ബാറിന്റെ അളിയനും കുടുംബവും എല്ലാം ഉണ്ടാകും. കഥയില്‍ പക്ഷേ 'ഞാന്‍/ഞങ്ങള്‍' മാത്രം മതി. അതില്‍ എല്ലാവരും അടങ്ങി.

ഹോട്ടല്‍ കൌണ്ടറില്‍ നെറ്റിയില്‍ വാരിത്തേച്ച കുറിയുമായി മുതലാളി ഇരിപ്പുണ്ടാകും. മറ്റ്‌ വിനോദയാത്രാ സംഘങ്ങള്‍, സപ്ലെയര്‍മാര്‍, മേശ തുടയ്ക്കുന്ന ചെക്കന്മാര്‍, പാചകക്കാര്‍, ഇവരെയെല്ലാം കാണാം. നമുക്കിവരെയൊന്നും വേണ്ട. അത്യാവശ്യമെങ്കില്‍, മൂത്രപ്പുര കാട്ടിത്തരാന്‍ ഒരു ചെക്കനെ അറെയ്ഞ്ച്‌ ചെയ്യാം.

നായകനെ നമുക്ക്‌ പാണ്ടിയെന്നോ അണ്ണാച്ചിയെന്നോ തരം പോലെ വിളിക്കാം. അയാളുടെ സഹായിയോ മറ്റ്‌ വായ്‌ നോക്കികളോ പരിസരത്തുണ്ടാകും. നമ്മുടെ കഥയുടെ ഏഴയലത്ത്‌ അവരെ അടുപ്പിക്കേണ്ട.

ഇനി കഥാപാത്രങ്ങളെ പശ്ചാത്തലവുമായി ചുരുങ്ങിയ വാക്യങ്ങളില്‍ ബന്ധിപ്പിക്കണം.

ഞങ്ങള്‍ + ഊട്ടി
ഞങ്ങള്‍ + ഹോട്ടല്‍ + കൊഴുത്ത ചായ/പാലുംവെള്ളം
ഞാന്‍/ഞങ്ങള്‍ + മുത്രപ്പുര + പിന്നാമ്പുറം
പിന്നാമ്പുറം + പാല്‍ സപ്ലേ കമ്പനി + പാല്‍ നിറച്ച ടാങ്ക്‌ + അണ്ണാച്ചി

കഥയുടെ ഘടനയേക്കുറിച്ച്‌ അടുത്ത പോസ്റ്റില്‍,
ആശംസകള്‍

5 Comments:

At 15 February, 2006 10:17, Blogger reshma said...

കഥക്കുള്ള പുറപ്പാടിന്റെ കഥകൾ രസായിട്ടുണ്ട്. ഈ പ്ലസ് പ്ലസ് കൂട്ടിചേർത്താൽ‍ കഥയാവോന്ന് ഒരു ...അല്ല അതു കൂട്ടിച്ചേർ‍ക്കുന്നവരുടെ മിടുക്ക്.

 
At 15 February, 2006 11:09, Blogger സ്വാര്‍ത്ഥന്‍ said...

രേഷ്മാ,
ഈ പ്ലസ് പ്ലസ് കൂട്ടിചേര്‍ത്ത് ഒരു റഫ് ഡ്രാഫ്റ്റ് തയ്യാറാക്കൂ. അടുത്ത പാഠം കണ്ടു കഴിഞ്ഞ് നമുക്കത് മോഡിഫൈ ചെയ്യാം.
All the best...

 
At 15 February, 2006 13:18, Blogger Santhosh said...

പോരട്ടങ്ങനെ, പോരട്ടെ! ആകാംക്ഷയോടെ കാത്തിരിക്കുന്നു.

സസ്നേഹം,
സന്തോഷ്

 
At 15 February, 2006 22:41, Blogger Kalesh Kumar said...

മറ്റുള്ളവരെപോലെ ഞാനും ആകാംക്ഷാഭരിതനാണ്!

 
At 18 February, 2006 05:25, Blogger ചില നേരത്ത്.. said...

കഥയെഴുത്തിലെ സാങ്കേതികത രസകരമായിരിക്കുന്നു.
ആകാംക്ഷയോടെ..

 

Post a Comment

<< Home