കളരി::Kalari

"എനിക്കും ഇവരേപ്പോലെ എഴുതണം" എന്ന് ആഗ്രഹിക്കുന്നവര്‍ക്ക്‌...

Tuesday, August 22, 2006

ഇളമൊഴി

യെന്തര് 'ഇളമൊഴി'?

ഇളമൊഴിയെന്നാല്‍ വരമൊഴിയുടെ ലളിത രൂപം, ജാവാസ്ക്രിപ്റ്റ് ഉപയോഗിച്ച് രൂപപ്പെടുത്തിയിരിക്കുന്നത്. വിഡോസ് എക്സ്പ്ളോററില്‍ ഓണ്‍ലൈനിലും, ഹാര്‍ഡ് ഡിസ്കില്‍ സേവ് ചെയ്താല്‍ ഓഫ്‌ലൈനിലും പ്രവര്‍ത്തിക്കും. മലയാളം ബ്ലോഗുകള്‍ വായിക്കാന്‍ വേണ്ട സെറ്റിംഗ് മാത്രം മതി ഇത് ഉപയോഗിക്കാന്‍.

'ഇളമൊഴി', വരമൊഴിയുടെ ആശാന്‍ സിബുവിന്റെ ഇളയ മകള്‍ ഇളയ്ക്ക് സമര്‍പ്പണം.

ഇളമൊഴി വന്ന വഴി:

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ ആദ്യമായി കമ്പ്യൂട്ടര്‍ തൊടാന്‍ കിട്ടുന്നത്. അന്ന് മാഷോട് ഒന്നേ ചോദിച്ചുള്ളൂ, ഇതില്‍ മലയാളം ഉണ്ടോന്ന്. ഇല്ല എന്നായിരുന്നു മറുപടി. പിന്നെ ഇതുകൊണ്ടെന്തു കാര്യം എന്നാലോചിച്ചുവെങ്കിലും, ഫീസ് കൊടുത്തുപോയില്ലേ എന്നു കരുതി പഠനം തുടങ്ങി. കമ്പ്യൂട്ടര്‍ ഉപയോഗിക്കണമെങ്കില്‍ സാധാരണ ഭാഷയൊന്നും പോര, കമ്പ്യൂട്ടര്‍ ഭാഷ തന്നെ പഠിക്കണമത്രേ! അങ്ങനെ കയിലുകുത്തു തുടങ്ങി, 'ബേസിക് ' ഭാഷയില്‍. പഠിപ്പിച്ചതെല്ലാം തലയ്ക്ക് മുകളിലൂടെ എങ്ങോ പോയ് മറഞ്ഞെങ്കിലും, ആറുമാസത്തെ പഠനത്തിനൊടുവില്‍ ഒന്ന് ഞാന്‍ സാധിച്ചെടുത്തു: കമ്പ്യൂട്ടര്‍ സ്ക്രീനില്‍ 'അ' എന്ന അക്ഷരം തെളിഞ്ഞു. കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂളില്‍ അന്ന് കോളിളക്കമൊന്നുമുണ്ടായില്ലെങ്കിലും എനിക്കത് വലിയൊരു സംഭവമായിരുന്നു. വീട്ടില്‍ ചെന്ന് പറഞ്ഞു, "ഞാന്‍ കമ്പ്യൂട്ടറില്‍ 'അ' ഉണ്ടാക്കീ.....".

"കമ്പ്യൂട്ടറ്‌ പഠിക്കാനുംന്ന് പറഞ്ഞ് കാശും കളഞ്ഞ് കളിച്ച് നടന്നോടാ"(ഒരു വലിയ ഫുള്‍ സ്റ്റോപ്)

കാലം കടന്നു പോയി. ഒരുപാട് ഡാറ്റ ഇന്റര്‍നെറ്റിലൂടെ ഒഴുകി. നേരാംവണ്ണം ഷുഗറിംഗും ലൈനിംഗുമായി അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന എന്നെ പിടിച്ച് കോളേജ് മാഗസിന്‍ എഡിറ്ററാക്കിയപ്പോഴാണ്‌ വീണ്ടുമൊരിക്കല്‍ കമ്പ്യൂട്ടറും മലയാളവുമായി മല്ലിടാന്‍ തുനിഞ്ഞത്. കോളേജിലെ 'അത്യദ്ധ്വാന'മെല്ലാം കഴിഞ്ഞ് കൊടുങ്ങല്ലൂര്‌ നിന്നും തൃശൂര്‌ പോയി ഡീടീപ്പിസെന്ററില്‍ ഉറക്കമിളച്ചിരുന്ന രാവുകളില്‍, ഞാനും കമ്പൂട്ടര്‍ പഠിച്ചിട്ടുണ്ട് - 'അ' എന്ന അക്ഷരം ഉണ്ടാക്കിയിട്ടുണ്ട്, എന്ന് പലതവണ പറയാന്‍ മുട്ടി. മുട്ടിയപ്പോഴൊക്കെ, കീബോഡില്‍ പറന്നടിക്കുന്ന ഡീടീപ്പീക്കാരന്റെ വിരലുകള്‍ നിവര്‍ന്ന് എന്റെ നേരെ നീണ്ടാലോ എന്നു കരുതി മാത്രം ഞാനെന്റെ ആശയടക്കി. അവസാന പ്രൂഫും തിരുത്തിയ ശേഷം മനസ്സിന്റെ മണിച്ചെപ്പില്‍ സൂക്ഷിച്ചു വച്ചിരുന്ന ഒരാഗ്രഹം ആ വിദ്ധ്വാനുമായി പങ്കുവച്ചു: "ഞാനുമൊന്ന് അടിച്ച് നോക്കട്ടെ ചേട്ടാ?".

"കമ്പ്യൂട്ടര്‍ അറിയോടാ?"

"പിന്നില്ലേ, ഞാന്‍ ഉസ്കൂളീ വച്ച് പഠിച്ചട്ട്ണ്ട്. 'അ' എന്ന അക്ഷരം...."(ബാക്കി ഞാന്‍ കണ്ട്രോള്‌ ചെയ്തു)

Q അടിക്കുമ്പോള്‍ 'ഔ', P അടിച്ചാല്‍ 'ജ', S അടിച്ചാല്‍ 'മ', A അടിച്ചാല്‍ 'ഓ', "ഇതെന്താ ചേട്ടാ ഇങ്ങനെ?"

"പിന്നെങ്ങനെ വേണം?"

"അല്ലാ, ഈ a അടിക്കുമ്പം 'അ', s അടിക്കുമ്പം 'സ'... ഇങ്ങനെയായാല്‍..."

"പിന്നെ നീയൊക്കെ എന്നെ അന്വേഷിച്ച് വര്വോടാ?"

ആ പാവത്തിന്റെ കഞ്ഞിയില്‍ ഡാറ്റയിടണ്ട എന്നു കരുതി വീണ്ടുമൊരു ആശയടക്കം.

പിന്നെയും ഡാറ്റാ ഒഴുക്കിന്റെ കാലം. തലയ്ക്കു മുകളിലെ ശൂന്യാകാശത്തെ ഉപഗ്രഹങ്ങള്‍ വഴിയും കടലിനടിയിലെ കേബിള്‍ വഴിയും ഒഴുക്കു തുടര്‍ന്ന ഡാറ്റ ഒരുനാള്‍ എന്റെ മേശപ്പുറത്തും അതിഥിയായെത്തി. കേട്ടറിവ് വച്ച് തിരച്ചിലോട് തിരച്ചിലായിരുന്നു, എളുപ്പം മലയാളം അടിക്കാനുള്ള കുന്ത്രാണ്ടത്തിനായി. ദാണ്ടെടാ കിടക്കുന്നു ഒരു സിബുവും 'വരമൊഴിയും'. ലോഡിറക്കി മേശപ്പുറത്തിട്ട് ഘടിപ്പിച്ചു. a അടിച്ചു, ദേ 'അ'. i അടിച്ചു, ഹായ് 'ഇ'. u അടിച്ചപോള്‍ 'ഉ'. പിന്നങ്ങട് ചറ പറാന്ന് അടിയായിരുന്നു, കൊതി തീരും വരെ.

വീണ്ടും ഡാറ്റ, ഒഴുക്ക്. ഓപ്പണ്‍ സോഫ്റ്റ്‌വെയറുകാരുടെ അധിനിവേശം. മുളയിലേ നുള്ളിക്കളയപ്പെട്ട എന്നിലെ പ്രോഗ്രാമര്‍ വീണ്ടും മുളപൊട്ടി. വളരെ വൈകിപ്പോയി എന്നു മനസ്സിലാക്കാന്‍ അധികം സമയം വേണ്ടിവന്നില്ല. കോടാനുകോടി കോഡന്മാരും കോഡികളും നിറഞ്ഞാടുന്ന അരങ്ങില്‍ ആസ്വാദകനാവുക എന്നതായി എന്റെ തീരുമാനം. ഈ ആസ്വാദനത്തിന്‌ മാറ്റ് കൂട്ടിയതാകട്ടെ 'ബൂലോഗ'വും.

യൂണീക്കോഡും അഞ്ജലിയും മൊഴിയും മറ്റുമായി നമ്മള്‍ ആഘോഷമായി മുന്നോട്ട് പോകുമ്പോള്‍ വഴിയരികില്‍ കാഴ്ചക്കാരായി നില്‍ക്കുന്ന ചിലരെ കാണുവാനിടയായി. നെറ്റ് വര്‍ക്ക് അഡ്മിനിമാരുടെ കരാളഹസ്തത്തില്‍ പെട്ട് ഉഴലുന്ന, ഓഫീസിലെ മേശപ്പുറത്ത് വരമൊഴിക്കൂട്ടം ഘടിപ്പിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ബൂലോഗത്ത് ആടിത്തിമിര്‍ക്കുവാന്‍ സാധിക്കാതെ വെമ്പല്‍ കൊള്ളുന്ന, ഒരുകൂട്ടം ഹതഭാഗ്യരെ. വരമൊഴിയുടെ ഓണ്‍ ലൈന്‍ പതിപ്പ് ലഭ്യമാണെങ്കിലും പലരും കടന്നുവരുവാന്‍ മടിച്ചു.

വിജയ് ലക്ഷ്മീനാരായണന്റെ ഭാരത ഭാഷകള്‍ക്കായുള്ള കണ്‍വേര്‍ട്ടറിനേക്കുറിച്ച് പെരിങ്ങോടനാണ്‌ സൂചിപ്പിച്ചത്, സമയവും സൌകര്യവുമുള്ള ആരെങ്കിലും അതില്‍ വരമൊഴിയുടെ ലിപിവിന്യാസം ഉള്‍പ്പെടുത്തും എന്ന ആഗ്രഹത്തോടെ. സ്ക്രിപ്റ്റ് സാഗരത്തിന്റെ തീരത്ത് തെണ്ടിത്തിരിഞ്ഞ് നടക്കുമ്പോള്‍ കാണുന്ന ഞണ്ടും കക്കയുമെല്ലാം പെറുക്കി നോക്കാറുണ്ടെന്നതൊഴിച്ചാല്‍ പ്രോഗ്രാമിംഗ് എനിക്കിന്നും അന്യം. 'ഹാപ്പി എക്സ്പെരിമെന്റിംഗ് ' എന്ന ലക്ഷ്മീനാരായണന്റെ ആശംസയാണ്‌ ഇതൊന്ന് നോക്കിക്കളയാം എന്നെന്നില്‍ തോന്നിച്ചത്. പിന്നെ പണ്ട് 'അ' ഉണ്ടാക്കിയതിന്റെ ആവേശവും. ബൂലോഗത്തെ പുലികളോട് പല മണ്ടത്തരവും ചോദിച്ച് ചോദിച്ച് ഒടുവില്‍ ഏതാണ്ട് ലക്ഷ്യം കണ്ടു.

പരിമിതികള്‍ പലതുമുണ്ടെങ്കിലും പലര്‍ക്കും ഇളമൊഴി പ്രയോജനപ്പെടുന്നു എന്നറിയുന്നതില്‍ സന്തോഷം. ഇനിയും എഴുതിയാല്‍ ഇതെന്തോ വലിയ സംഭവമാണെന്ന് എനിക്ക് തോന്നും. ഇതുകൂടി പറഞ്ഞ് അവസാനിപ്പിക്കട്ടെ, ഈ പോസ്റ്റ് തയ്യാറാക്കിയത് (ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഒഴികെ) ഇളമൊഴി ഉപയോഗിച്ചാണ്‌.

29 Comments:

At 22 August, 2006 12:37, Blogger സ്വാര്‍ത്ഥന്‍ said...

'വരമൊഴി' വന്ന വഴിയേക്കുറിച്ച് സിബുവും എഴുതും എന്ന പ്രതീക്ഷയോടെ

 
At 22 August, 2006 12:50, Anonymous Anonymous said...

എന്തതിശയമേ ഈ ഡെയിനിന്റെ കാര്യം! ഒത്തിരി താങ്ക്സ് കേട്ടൊ.
അതും ഇളമൊഴി എന്നു പേരിട്ടതും! ഇത് ഞാന്‍ ഈ ഇളമൊഴിയില്‍ ടയ്പ്പ് ചെയ്തതാ.

 
At 22 August, 2006 13:50, Blogger Cibu C J (സിബു) said...

ഇളക്കുട്ടിക്കാണോ സമര്‍പ്പണം! പെരുത്ത്‌ സന്തോഷം. അത്രയും പറഞ്ഞാല്‍ പോരാ; ഭയങ്കര സന്തോഷം.

ഇങ്ങനെയൊന്നും എഴുതാന്‍ അറിഞ്ഞൂടാ അന്തോണിയേ. പിന്നെ അങ്ങനെ സംഭവബഹുലമായ ഒന്നും വരമൊഴിക്ക്‌ പിന്നിലുണ്ടായിരുന്നുമില്ല. എനിക്ക്‌ മലയാളം എഴുതാനായി ഉണ്ടാക്കി. വിശ്വമുള്‍പ്പെടുന്ന kerala.com-കാര്‍ പ്രോത്സാഹനം വേണ്ടതിലധികം തന്നു. (ഇപ്പോഴത്തെ പോലെ തന്നെ). അങ്ങനെ പതുക്കെ വരമൊഴി ഈ പരുവത്തിലായി. അതിന്റെ ഗുയി എനിക്കിപ്പോഴും ചൊറിയും. യുണീക്കോഡിനെ മംഗ്ലീഷിലേയ്ക്ക്‌ കണ്‌വെര്‍ട്ട് ചെയ്യാന്‍ എളുപ്പത്തില്‍ പറ്റിയിരുന്നെങ്കില്‍...


ഇളമൊഴിയെപറ്റി:
ഋ ഉണ്ടാക്കാന്‍ r~ മാത്രം പോരാ മിക്കവര്‍ക്കും; r^ തന്നെ വേണം. പറ്റുമെങ്കില്‍ ചെയ്യണം. കൂടെ ഇടയില്‍ ഇംഗ്ലീഷ് എഴുതുന്ന വിധവും.

 
At 22 August, 2006 20:13, Blogger സ്വാര്‍ത്ഥന്‍ said...

ഇഞ്ചിപ്പെണ്ണേ ഇളമൊഴി ഉപയോഗിച്ചുതന്നെ കമന്റി എന്നറിഞ്ഞതില്‍ ഞാന്‍ ഹാപ്പിയായി. തകര്‍ക്കാന്‍ പോവുകയാണെന്നറിഞ്ഞു, തകര്‍പ്പനാകട്ടെ തകര്‍ക്കല്‍.

സിബൂ ഇളക്കുട്ടിയെ അന്വേഷിച്ചതായി പറയണം.
എന്തിന്‌ ഞാനിത് ചെയ്തു എന്നാലോചിച്ചപ്പോള്‍ മനസ്സില്‍ തോന്നിയതാണ്‌ ഇവിടെ എഴുതിയത്. വെറുതേ ഒരാള്‍ക്ക് മലയാളം എഴുതാന്‍ തോന്നുകയും അതിനായി ഒരു സോഫ്റ്റ്‌വെയര്‍ തന്നെ നിര്‍മ്മിക്കുകയും ചെയ്യുമോ? സിബുവിനു പ്രചോദനമായ ഒരുപാട് സംഗതികള്‍ ഉണ്ടാകും. നമുക്ക് പതിയെ ഓര്‍ത്തെടുക്കാം :)

ഋ ഉണ്ടാക്കാന്‍ r^ വേണമെന്നുതന്നെയാണ്‌ എന്റെയും ആഗ്രഹം. അടുത്ത വേര്‍ഷനില്‍(ഹെന്റമ്മോ!) അതും ഇംഗ്ലീഷും സാധ്യമാകുമെന്നുതന്നെ കരുതുന്നു.

 
At 22 August, 2006 20:24, Anonymous Anonymous said...

എന്ത് തകര്‍ക്കാന്‍ പോവാണെന്ന് ഞാന്‍ ? കര്‍ത്താവെ! ഞാന്‍ എന്തോന്നു തകര്‍ക്കാന്‍?ആരാണിവിടെ എന്നെപറ്റി അപവാദം പറഞ്ഞതു? പ്ലീസ് പേരു മാത്രം പറഞ്ഞാല്‍ മതി ,ഞാന്‍ അഡ്ഡ്രസ്സ് കണ്ട് പിടിച്ചോളാം!

ഓ,കമന്റടിച്ചു പിന്മൊഴി ഗ്രൂപ്പ് ആണൊ? അതു ചിലപ്പൊ നടക്കുന്ന ലക്ഷണമുണ്ടു... :-)

ദേ ഇതും ഇളമൊഴിയാണെ..

(സിബുചേട്ടാ, സിബുചേട്ടന്‍ എനിക്ക് പോയിന്റ്സ് പറഞ്ഞ് തന്നാല്‍ മതി. ഞാന്‍ അത് മൊത്തം എന്റെ പേരിലാക്കി പോസ്റ്റിടാം) :-)

 
At 22 August, 2006 20:40, Blogger സ്വാര്‍ത്ഥന്‍ said...

ഇഞ്ചിപ്പെണ്ണ്‌തന്നല്ലിയോ ഇഞ്ചിമാങ്ങായില്‍ പറഞ്ഞത് 'ബ്രേക്ക്' എടുക്കുവാന്ന്...
(ഇഞ്ചിപ്പെണ്ണിന്റേം സിബുവിന്റേം കമന്റുകള്‍ പിന്മൊഴിയില്‍ വന്നില്ലല്ലോ എന്റെ ബ്ലോഗേശ്വരന്മാരേ....)

 
At 22 August, 2006 20:47, Anonymous Anonymous said...

അയ്യ്! ഈ ഡെയിന്‍ അണ്ണന്റെ ഒരു കാര്യം!അവിടെയൊക്കെ പോയി നോക്കുന്നുണ്ടൊ? :)

 
At 22 August, 2006 20:54, Blogger evuraan said...

ഒന്നാം തരം ..!! നന്നായിട്ടുന്ടു കേട്ടോ..!!

ഇളമൊഴി കൊന്ടു തന്നെയാണിതും എഴുതുന്നതും

 
At 22 August, 2006 21:02, Blogger bodhappayi said...

മാഷേ, ഇതു ഹാക്ക് ചെയ്തു ഞാന്‍ ഒരു ടെസ്ൿടോപ് വേര്‍ഷന്‍ ഒണ്ടാക്കി കെട്ടോ. സുഹ്രുത്തുക്കള്‍ക്കയക്കാന്‍ എന്തൊ ലൈസന്‍സ് വേണമത്ത്രേ, കലിപ്പാകുമോ...

 
At 22 August, 2006 21:03, Blogger Adithyan said...

ഡെയിന്‍ മാഷേ, ഇത് അത്യുഗ്രന്‍!
പ്രയത്നം പ്രശംസനാര്‍ഹം.

 
At 22 August, 2006 21:12, Blogger myexperimentsandme said...

എനിക്കു വയ്യായ്യേ...വരമൊഴിയും മൊഴിയും തൊഴിയുമൊന്നുമില്ലാത്ത ഒരു അത്ഭുത പരതന്ത്ര പാരതന്ത്ര്യ ലോകത്ത് ശ്വാസം മുട്ടിക്കഴിയുന്ന എനിക്ക് കിട്ടിയ മിസ്റ്റര്‍ സഞ്ജീവനിയല്ലിയോ ഇളമൊഴി. ദോ ഇതും ഇളമൊഴി വെച്ച് താങ്ങിയത്-അതും ജാപ്പനീസ് വിന്ഡോസുള്ള ജാപ്പനീസ് കീബോഡുള്ള മാഡം ഇന്‍ ചൈനാ ഡെല്‍ കമ്പ്യൂട്ടറില്‍ നിന്ന്. ആനന്ദാ, നിന്റെ ലബ്ധിക്കിനി എന്തു വേണം ?
സ്വാര്‍ ത്ഥതയ്ക്ക് നന്ദി. ഇളയ്ക്ക് സമര്‍ പ്പണം .

വരമൊഴിയുടെ ഓണ്‍ ലൈന്‍ നോക്കിയിട്ട് കണ്ടില്ല.

 
At 22 August, 2006 21:13, Blogger Visala Manaskan said...

ഡെയ്ന്‍ എന്റെ അടുത്തെങ്ങാനും ആയിരുന്നെങ്കില്‍... കെട്ടിപ്പിടിച്ച് ഞാന്‍ വട്ടം കറക്കിയേനേ! അത്രക്കും സന്തോഷം.

ഇളമൊഴി ഉണ്ടാക്കിയതിനും, പിന്നെ നമ്മുടെ ഇളക്കുട്ടിയുടെ പേരിട്ടതിനും! അടിപൊളി. ഗ്രേയ്റ്റ്! ഗ്രേയ്റ്റ്!

(ഇളമൊഴിയില്‍ തന്നെ ടൈപ്പിയത്)

 
At 22 August, 2006 21:20, Blogger ബിന്ദു said...

സ്വാര്‍ത്ഥത മൂലം??:) അഭിനന്ദനങ്ങള്‍!! പരീക്ഷണങ്ങള്‍ തുടരൂ... :)

 
At 22 August, 2006 22:21, Blogger RR said...

വളരെ നന്നായി മാഷേ. ഈ കമന്റും ഇളമൊഴി ഉപയോഗിച്ചു തന്നെ :)

qw_er_ty

 
At 22 August, 2006 22:40, Blogger Unknown said...

ഇളമൊഴി കലക്കി ഡെയ്നേ. നന്നായിരിക്കുന്നു. ആശംസകള്‍! (ഇതും...! :-))

 
At 22 August, 2006 23:02, Blogger Shiju said...

നന്നായി ചേട്ടാ. അഭിനന്ദനങ്ങള്. ഇപ്പോള്‍ കുഴപ്പം ഒന്നും ഞാന്‍ കാണുന്നില്ല.

 
At 22 August, 2006 23:07, Blogger Sreejith K. said...

ഇളമൊഴിയുടെ ലിങ്ക് തനിമലയാളത്തിലും കൊടുക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. ഏവൂരാനേ, ശരിയല്ലേ?

പറയാന്‍ വിട്ടൂ, സ്വാര്‍ത്ഥാ, നല്ല ലേഖനം.

 
At 23 August, 2006 07:13, Blogger സ്വാര്‍ത്ഥന്‍ said...

ഏവൂരാനേ നന്ദിയുണ്ടേ...

കുട്ടപ്പായീ ഡ്രൈവിംഗ് ലൈസന്‍സ് കയ്യിലുണ്ടോ? അത് മതിയാകും:))

ആദീ പ്രയത്നത്തിനു ഫലം കണ്ടു തുടങ്ങിയിരിക്കുന്നു.

ദൈവേ, ജാപ്പനീസ് കണക്കുപെട്ടിയിലും ഇളമൊഴി കിട്ടുന്നെന്നോ!!! വക്കാരീ ഞാന്‍ ധന്യനായി,

വിശാലോ വട്ടം കറക്കി എന്റെ തല കറങ്ങുന്നേ... താഴെയിറക്കേ..

ബിന്ദൂ സ്വാര്‍ത്ഥത അര്‍ദ്ധഭാവം, അവിടെയാണന്നം. പ്രോത്സാഹനത്തിനു നന്ദി.

ആറാറ്‌ മുപ്പത്താറേ തേങ്ക്സ് :)

ദില്‍ബാസുരാ ഇതും :-)

ഷിജുവേ ഒന്നു രണ്ട് കുഴപ്പങ്ങള്‍ ഇപ്പോഴുമുണ്ട്, വഴിയേ ശരിയാകും

ശ്രീജിത്തേ ഏവൂരാന്‍ തുണ, ലേഖനം സ്വാര്‍ത്ഥപരം :)

താരേ കമന്റിനിടയില്‍ ചിത്രങ്ങള്‍ വയ്ക്കാനുള്ള വഴിയാണോ ഉദ്ദേശിച്ചത്? വക്കാരി സാന്‍ തുണൈ...

കൈത്തിരീ കവിതൈ പ്രമാദം

 
At 23 August, 2006 07:19, Anonymous Anonymous said...

ആപ്പൊ ഈ ഡെയിന്‍ ചേട്ടനും സ്വാര്‍ത്ഥവിചാരം എന്ന് ബ്ലോഗെഴുതുന്ന ആളും ഒന്നാ? ഓ! അത് എനിക്ക് അറിയില്ലായിരുന്നു..
qw_er_ty

 
At 23 August, 2006 07:22, Blogger Kalesh Kumar said...

വിശാലഗുരു പറഞ്ഞതു തന്നെ ആവര്‍ത്തിക്കുന്നു:

ഡെയ്ന്‍ എന്റെ അടുത്തെങ്ങാനും ആയിരുന്നെങ്കില്‍... കെട്ടിപ്പിടിച്ച് ഞാന്‍ വട്ടം കറക്കിയേനേ! അത്രക്കും സന്തോഷം.

ഇളമൊഴി ഉണ്ടാക്കിയതിനും, പിന്നെ നമ്മുടെ ഇളക്കുട്ടിയുടെ പേരിട്ടതിനും! അടിപൊളി. ഗ്രേയ്റ്റ്! ഗ്രേയ്റ്റ്!

 
At 23 August, 2006 07:44, Blogger സ്വാര്‍ത്ഥന്‍ said...

ഇഞ്ചിപ്പെണ്ണേ, ഇനിയെങ്കിലും പുട്ട് ബ്ലോഗിലേക്കുള്ള ക്ഷണം സ്വീകരിക്കാനായി ഈമെയില്‍ ഐഡി തന്നൂടെ???

qw_er_ty

 
At 23 August, 2006 08:27, Blogger aneel kumar said...

ഇഷ്ടായി(രുന്നു). ഓഫ്‌ലൈനിലും ഉപയോഗിക്കാന്‍ കഴിയുന്നത് പലര്‍ക്കും വലിയ അനുഗ്രഹമാവും.

ഉപോല്‍പ്പന്നങ്ങള്‍:
ഈ പോസ്റ്റ് പലരുടെയും സ്വാര്‍ത്ഥത പുറത്തറിയാന്‍ ഇടയാക്കി.

വരമൊഴി ഗ്രൂപ്പില്‍ ബ്ലോഗര്‍സ് എത്തിനോക്കുന്നു പോലുമില്ല. അവിടെ ചേരൂ. ആദ്യം ഇതു വായിക്കൂ.

 
At 23 August, 2006 08:35, Anonymous Anonymous said...

അയ്യ്..ഞാനതിന് ഒരു പുട്ട് പോസ്റ്റല്ലെ എഴുതിയുള്ളൂ..ഇനി എനിക്കൊന്നും പുട്ടിനെക്കുറിച്ച് എഴുതാനില്ല..അതോണ്ടാണെ..സോറീട്ടൊ.
ഒന്നും തോന്നല്ലെ. ഞാനിച്ചിരെ ഈമെയില്‍ ഷൈ ആളാണെ... :-)
...ഇവിടെ സുഡാനില്‍ സി.ഐ.എ യുടെ ചാരവനിതയായിട്ട് ജോലി നോക്കുന്നതുകൊണ്ടാവും ഈ ഈമെയില്‍ ഷൈനെസ്സ്...അറിയാണ്ട്..എന്തെങ്കിലും എന്റെ സ്വിസ്സ് ബാങ്ക് അക്കൌണ്ടൊ അങ്ങിനെ വല്ലോ ഭീകര രഹസ്യങ്ങള്‍ ഞാന്‍ ഈമെയിലില്‍ കൂടി അയച്ചാലൊ? :-) ബില്‍ ഗേറ്റസിനെ പോലും വെള്ളം കുടിപ്പിച്ചില്ലെ ഈമെയിലുകള്‍....പ്ലീസ് ഒന്നും തോന്നല്ലേട്ടൊ..

 
At 23 August, 2006 08:41, Anonymous Anonymous said...

ഹൌ...എന്റെ എല്ലാ കമന്റിനേയും കൂടെ ആ ക്യൂ..ഡ്ബ്ല്യൂ‍..ആര്‍ട്ടി...തന്നെത്താന്‍ ഒട്ടിപിടിച്ചെങ്കില്‍!!!

പബ്ലിഷ് ഞെക്കി കഴിയുമ്പോഴാ ഓര്‍ക്കണെ..എന്തു ചെയ്യാം ഒത്തിരി വയസ്സായില്ലെ..56ന്റെ പ്രശ്നങ്ങളെ..:)

 
At 23 August, 2006 20:17, Blogger സ്വാര്‍ത്ഥന്‍ said...

കലേഷേ സന്തോഷം കൊണ്ടെനിക്കും ഇരിക്കാന്‍ വയ്യ :)

അനില്‍ ഭായ് :) :) :)
ഈ ഇഞ്ചിപ്പെണ്ണിനുപോലും, ബ്രെയ്ക്ക് എടുത്ത് ബ്ലോഗര്‍ മൂന്നാമനെ നന്നാക്കാനല്ലാതെ വരമൊഴി ഗ്രൂപ്പില്‍ ചേരാന്‍ തോന്നുന്നില്ലല്ലോ!!!

ഇഞ്ചിപ്പെണ്ണേ പേര്‌ വിണ്ടും മാറ്റി ക്യൂ...ഡ്ബ്ല്യൂ....ആര്‍ട്ടി... എന്നാക്കിയാലോ? :)

 
At 23 August, 2006 20:27, Anonymous Anonymous said...

വരമൊഴി ഗ്രൂപ്പൊ..അതു ശരി! ഒന്നും നേരെ ചൊവ്വെ പോണത് ഇഷ്ടപ്പെടണില്ല്യാല്ലെ? :-)

ഹിഹി..പേരു എനിക്ക് പിടിച്ചാച്ച്...:)

qw_er_ty

 
At 23 August, 2006 21:04, Blogger myexperimentsandme said...

ഡൈനടിസ്വാര്‍ത്ഥോ, സന്തോഷം കൊണ്ടാണെങ്കിലും വേറേ എന്തുകൊണ്ടാണെങ്കിലും ഇരിക്കാന്‍ വയ്യെങ്കില്‍ തിടനാട്ടുള്ള നാട്ടുവൈദ്യന്റെ കോഴിബ്രാണ്ടി ചികിത്സ വേണ്ടിവരുമെന്നാണ് മൂലക്കുരുവിന്റെ സഹയാത്രികന്‍ രണ്ടുദിവസം മുന്‍‌പ് പറഞ്ഞത്.

പിന്നെ കള്ളിന്റെ പ്രോട്ടോക്കോള്‍ (പകലരുത്, പലരരുത്, പഴമരുത്...) എന്നൊക്കെപ്പോലെ ഇതിനും കുറച്ച് പ്രോട്ടോക്കോളുണ്ടെന്ന് സ്വാര്‍ത്ഥനുവാച.

ഓഫിനു മാഫ്- ആം സൂറി.

 
At 29 August, 2006 03:30, Blogger രമേഷ് said...

"ഷുഗറിംഗും ലൈനിംഗുമായി അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന എന്നെ പിടിച്ച് കോളേജ് മാഗസിന്‍ എഡിറ്ററാക്കിയപ്പോഴാണ്‌ ......" ആ പ്രയോഗം ശ്ശി ഷ്‌ട്ടായി ട്ടോ.. മാട്രിക്സ്‌ സിനിമയിലെ പോലെ സ്ക്രീനില്‍ അക്ഷരങ്ങള്‍ പായുന്ന(പച്ച നിറത്തില്‍ ഓര്‍മയിലെ?) പ്രോഗ്രാം എങ്ങനെയാണ്‌ എഴുതുക എന്ന് ചോതിച്ചതിന്‌ എന്നെയിട്ട്‌ പെടാപാട്‌ പെടുത്തി.. അന്നുനിര്‍ത്തിയതാ കമ്പ്യൂട്ടറില്‍ ഐറ്റംസ്‌ ഉണ്ടാക്കുന്നത്‌. പക്ഷെ ഇപ്പോ വീണ്ടും തുടങ്ങിയാലോ എന്നാ ആലോചനാ....
ഇളമൊഴിക്ക്‌ എന്റെ എല്ലാ ആശംസകളും

 
At 01 November, 2006 21:28, Blogger yetanother.softwarejunk said...

ഡെയ്ന്‍,

ഞാനും തന്റെ വഴിയിലാണെന്നു തോന്നുന്നു.
താങ്കളെ മഷി തണ്ട് ലേക്കു സ്വാഗതം ചെയുന്നു.
http://mashithantu.blogspot.com/
http://www.geocities.com/jojujohnc/almy/index.html
http://yasj.blogspot.com/2006/11/blog-post.html

ഇളമൊഴി looks very simple and great. എത്ര ലളിതമായാണു key board help എഴുതി ചേര്‍ത്തിരിക്കുന്നതു. feel envy.
ആ പേരു ഇളമൊഴി ക്കു വളരെ ശരിയാണു.

മഷി തണ്ടിനെ പറ്റിയുള്ള താങ്കളുടെ അഭിപ്രായം എന്നെ അറിയിക്കുമല്ലോ !!!

നന്ദി,
-YaSJ

 

Post a Comment

<< Home