കളരി::Kalari

"എനിക്കും ഇവരേപ്പോലെ എഴുതണം" എന്ന് ആഗ്രഹിക്കുന്നവര്‍ക്ക്‌...

Tuesday, January 16, 2007

പ്രൊജക്റ്റ് പൂക്കൂട

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി മനസ്സില്‍ കൊണ്ടു നടക്കുകയും ബൂലോഗത്ത് ചിലരുമായി പങ്കുവയ്ക്കുകയും ചെയ്ത ഒരാഗ്രഹം ഇവിടെ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുകയാണ്. ഇനിയും വൈകിക്കൂടാ...

ബൂലോകം അഭൂതപൂര്‍വമായി വളര്‍ന്നുകൊണ്ടിരിക്കുന്നു. നമുക്കെല്ലാം ആഹ്ലാദം പകര്‍ന്നുകൊണ്ട് വിശാലന്റെ കൊടകരപുരാണം പുസ്തകരൂപത്തില്‍ എത്തുന്നു. മാധ്യമങ്ങളുടെ ശ്രദ്ധ നമ്മുടെ നേരെയും തിരിയുന്നു. അതിനിടയില്‍ അസുഖകരമായ ചില അനുഭവങ്ങളും നമ്മള്‍ അഭിമുഖീകരിച്ചു തുടങ്ങിയിരിക്കുന്നു.

എന്നെ അലട്ടുന്ന ചില പ്രശ്നങ്ങള്‍:
1) അനുദിനം പ്രസിദ്ധീകരിക്കപ്പെടുന്ന പോസ്റ്റുകളില്‍ പകുതി പോലും വായിക്കുവാന്‍ സമയം അനുവദിക്കാത്ത അവസ്ഥ.
2) മുഴുവന്‍ സമയവും കമ്പൂട്ടര്‍ മോണിറ്ററില്‍ കണ്ണും നട്ട് ഇരിക്കേണ്ടി വരുന്നത്.
3) യാത്രകള്‍ക്കിടയില്‍ സമയം കൊല്ലേണ്ട സഹചര്യങ്ങള്‍.


സ്വപ്നം കാണുന്ന പരിഹാര മാര്‍ഗ്ഗങ്ങള്‍:
1) ദിവസ ദൈര്‍ഘ്യം 48 മണിക്കൂറായി വര്‍ദ്ധിപ്പിക്കുക(ഐഡിയ പച്ചാളം വക).
2) പോസ്റ്റുകള്‍ യഥാവിധി തരം തിരിച്ച് കാണുവാന്‍ വേണ്ട സങ്കേതം. (പോയ വാരം ഇത്തരം ഒരു ശ്രമം ആയിരുന്നു, സമയക്കുറവ്...)
3) ബ്ലോഗുകളുടെ പുസ്തകരൂപം.


‘പൂക്കൂട’ എന്നൊരു സങ്കല്‍പ്പമാണ് മനസ്സില്‍ തങ്ങി നില്‍ക്കുന്നത്. വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കളും ഇലകളും തണ്ടുകളും മനോഹരമായി അലങ്കരിച്ചു വച്ച പൂക്കൂട പോലെ ബൂലോഗത്തിന്റെ ഓഫ് ലൈന്‍ രൂപം. ‘റീഡേഴ്സ് ഡൈജസ്റ്റ് ’ മാസിക മാതൃകയില്‍(ബാ‍ലരമ സൈസ്), കൂടെ കൊണ്ടു നടക്കാവുന്ന വിധത്തില്‍, സ്വീകരണ മുറികള്‍ക്ക് അലങ്കാരമായി, യാത്രകള്‍ക്ക് കൂട്ടായി, നമ്മുടെ സ്വന്തം ‘പൂക്കൂട’.

പ്രായോഗിക തലത്തിലേക്ക് ആവശ്യമായത്:
1) ബൂലോഗ കൂട്ടായ്മയുടെ നിയമപരമായ അസ്ഥിത്വം, ഇന്ത്യയില്‍ രെജിസ്റ്റര്‍ ചെയ്ത ഒരു സംഘടന.
2) മാസിക പ്രസിദ്ധീകരിക്കുവാനുള്ള ഔദ്യോഗിക അനുവാദം.
3) പുസ്തകത്തിന്റെ വരിസംഖ്യയായി പിരിച്ചെടുക്കുന്ന മുടക്കു മുതല്‍.
4) എഡിറ്റോറിയല്‍ ബോഡ്.
5) അച്ച് നിരത്തലും(?) മുദ്രണവും.
6) തപാലില്‍ വിതരണം.


ഈ പ്രൊജക്റ്റ് പ്രിയപ്പെട്ട ബൂലോഗ കൂടപ്പിറപ്പുകളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നു.

36 Comments:

At 16 January, 2007 12:08, Blogger സ്വാര്‍ത്ഥന്‍ said...

എന്റെ സ്വപ്നങ്ങള്‍ പലതും പ്രാവര്‍ത്തികമായിട്ടുണ്ട്.
ഇത് പക്ഷേ, നിങ്ങളുടെ കയ്യിലാണ് !

 
At 16 January, 2007 13:17, Blogger Adithyan said...

ദു വല്ലോം നടക്ക്വോ (എന്നെ തല്ലരിത്)

എങ്ങനെ അച്ചടിക്കും? ആരടിക്കും? ആര് അടിക്ക് മേല്‍നോട്ടം വഹിക്കും? കാശ് ആര് മുടക്കും?

അച്ചടിച്ചാല്‍ അത് എങ്ങനെ ആള്‍ക്കാര്‍ടെ കൈയില്‍ എത്തിക്കും? ഒരാഴ്ച പഴേ ഡീറ്റെയിത്സ് വായിക്കാന്‍ ആള്‍ക്കാര്‍ക്ക് താല്പര്യം കാണ്വോ? (ലൈവ് ആയിട്ടുള്ള അടികള്‍ എങ്ങനെ തത്സമയം പ്രേക്ഷകരിലേക്കെത്തിക്കും എന്നൊരു ചോദ്യം ഞാന്‍ ചോദിച്ചിട്ടില്ല)

പിന്നെ ഒരു പ്രധാന ശോദ്യം - ആള്‍ക്കാര്‍ കൃതികള്‍ വായിച്ച് പ്രബുദ്ധരാവാന്‍ മാത്രമാണോ വരുന്നെ? അതോ ഒരു കമ്മ്യൂണിറ്റി ഫീലിങ്ങിനാണോ? അപ്പോ വെറുതെ കൃതികള്‍ വായിക്കാനാണേല്‍ മാതൃഫൂമി വാങ്ങിയാ പോരെ?

കമന്റുകള്‍ എന്തു ചെയ്യും?

 
At 16 January, 2007 13:51, Blogger Cibu C J (സിബു) said...

ആദീ, ഈ മാര്‍ക്കറ്റ് വളരെ ഹോമോജീനിയസ് ആണെന്ന്‌ തോന്നുന്നില്ല. ഇവിടെ കമ്മ്യൂണിറ്റിക്ക്‌ വേണ്ടി വരുന്നവരും, തല്ലുണ്ടാക്കാന്‍ വരുന്നവരും പിന്നെ വല്ലതും വായിക്കാന്‍ വരുന്നവരും ഒക്കെ ഉണ്ടല്ലോ. എല്ലാവര്‍ക്കും യോജിക്കുന്ന ഒരുത്തരം ഉണ്ടായി എന്ന്‌ വരില്ല. എന്നാല്‍ വായിക്കാന്‍ വരുന്നവര്‍ക്ക്‌ തീര്‍ച്ചയായും അപ്പീല്‍ ചെയ്യുന്ന ഒരു പ്രപ്പോസലാണ് ബ്ലോഗുകള്‍ വാരികയായി അച്ചടിച്ചെത്തുക എന്നത്‌. കുറച്ചുകൂടി കഴിഞ്ഞാല്‍ അത്‌ പത്രം പോലെ രാവിലേയും വൈകുന്നേരവും അച്ചടിക്കാം. അപ്പോ അടികളൊക്കെ ചൂടാറാതെ അറിയാമല്ലോ :)

എന്തായാലും ആദി ചോദിച്ച ആദ്യത്തെ ചോദ്യങ്ങള്‍ക്കൊക്കെയും എന്താണുത്തരം? “എങ്ങനെ അച്ചടിക്കും? ആരടിക്കും? ആര് അടിക്ക് മേല്‍നോട്ടം വഹിക്കും? കാശ് ആര് മുടക്കും?

അച്ചടിച്ചാല്‍ അത് എങ്ങനെ ആള്‍ക്കാര്‍ടെ കൈയില്‍ എത്തിക്കും?“

 
At 16 January, 2007 13:51, Blogger myexperimentsandme said...

മാനേജ്‌മെന്റാണ് പ്രശ്‌നം എന്ന് തോന്നുന്നു. മൂന്ന് മാസം കൂടുമ്പോഴോ വല്ലതും പ്രസിദ്ധീകരിക്കുന്ന തരത്തിലോ മറ്റോ...

കമന്റുകളും ഓഫ്‌ലൈനാക്കാം.

എങ്ങിനെ? ആവൂ ഒരു പിടുത്തോം കിട്ടുന്നില്ല.

തലച്ചോറ് അടിച്ച് നിരപ്പാക്കുന്ന ഒരു സെഷന്‍ നടത്തിയാലോ?

 
At 16 January, 2007 15:25, Blogger Adithyan said...

സിബു പറഞ്ഞതിനോട് യോജിക്കുന്നു.

പോസ്റ്റുകള്‍ വായിക്കാന്‍ താല്‍പ്പര്യം ഉള്ളവരെ മുന്നില്‍ കണ്ടുകൊണ്ട് ഈ പരിപാടിയുമായി മുന്നോട്ട് പോകാം.

ടാര്‍ഗര്‍ ഓഡിയന്‍സ് സെറ്റ് ആയി.

ഇനി വേണ്ടത് ഇമ്പ്ലിമെന്റേഷന്‍ ഡീറ്റെയിത്സ് ആണ്. സ്വാര്‍ത്ഥേട്ടന്റെ ഓപ്പറേഷണല്‍ പ്ലാന്‍ എന്താണ്? വേറേ ആര്‍ക്കേലും എന്തേലും അഭിപ്രായങ്ങള്‍ ഉണ്ടോ?

 
At 16 January, 2007 15:30, Blogger Adithyan said...

ടാര്‍ഗര്‍ ഓഡിയന്‍സ് എന്നത് ടാര്‍ഗറ്റ് ഓഡിയന്‍സ് എന്നു തിരുത്തി വായിക്കുക :)

വക്കാരി പറഞ്ഞത് മറ്റൊരു പോയന്റ്. പല പോസ്റ്റുകളിലും കമന്റുകള്‍ ഒഴിച്ചുകൂടാനാവാത്ത ഭാഗങ്ങളാണ്. പ്രസാധനത്തിന്റെ വീക്ഷണകോണില്‍ നിന്നും നോക്കുമ്പോള്‍ കഥകള്‍ക്കും നര്‍മ്മലേഖനങ്ങള്‍ക്കും കമന്റുകള്‍ ഇല്ലെങ്കിലും കുഴപ്പമില്ല എന്നു തോന്നുന്നു. പക്ഷെ രാഷ്ട്രീയ സാമൂഹിക ചര്‍ച്ചകള്‍ കമന്റുകള്‍ സഹിതം പ്രസിദ്ധീകരിക്കാന്‍ ഒരു വഴി കണ്ടെത്തണം.

 
At 16 January, 2007 16:16, Blogger myexperimentsandme said...

എന്റെ ഒരു ഒന്നേമുക്കാല്‍ സെന്റ് നാല്‍‌പ്പത്തഞ്ചു പൈസാ സ്വപ്നം (നാടോടിക്കാറ്റിലെ ശ്രീനിവാസന്‍ ഡയലോഗൊക്കെ ഇപ്പോഴേ ഓര്‍മ്മ വരുന്നു).

ധാരാളം കാശുള്ള ഒന്നോ രണ്ടോ പേര്‍. പുതിയ രീതികള്‍ പരീക്ഷിക്കാന്‍ മിടുക്കര്‍ (അത് തന്നെ....ജോസഫ് ആന്റണിയുടെ ഗൂഗിള്‍ ചരിതം മൊത്തം വായിച്ചതേ ഉള്ളൂ).

അവര്‍ ബ്ലോഗ് വഴി കാശുണ്ടാക്കാനുള്ള പരിപാടി പ്ലാന്‍ ചെയ്യുന്നു.

പത്രത്തിലും റ്റിവിയിലും എല്ലാം ഭയങ്കര പരസ്യം. നിങ്ങള്‍ ബ്ലോഗ് തുടങ്ങൂ. ബ്ലോഗിലെ നിങ്ങളുടെ കൃതികള്‍ ഞങ്ങള്‍ പുസ്തകമാക്കാം. എങ്ങിനെ തുടങ്ങാം ബ്ലോഗെന്ന പുസ്തകം ഫ്രീയായി കിട്ടാന്‍ ഈ മയിലില്‍ ഈമെയില്‍ അയയ്ക്കുക-അല്ലെങ്കില്‍ വിളിക്കുക-ഏക് ഏക് ശൂന്യ് ശൂന്യ് ശൂന്യ് ശൂന്യ് ശൂ....

കണ്ടീഷന്‍-ബ്ലോഗില്‍ വന്ന പോസ്റ്റുകളേ പുസ്തകമാക്കുകയുള്ളൂ. പുസ്തകം പല തരം ആവാം, ഏത് രീതിയിലും ആവാം-കഥ, കവിത, ലേഖനം, ഫോട്ടോ, അല്ലെങ്കില്‍ മിക്‍സ്ചര്‍. വീക്കെലി, മന്തെലി, രണ്ടുമാസം എന്ത് വേണമെങ്കിലും.

ഒരു പ്രഷറും ആര്‍ക്കുമില്ല. ധാരാളം ആള്‍ക്കാര്‍ വരുമ്പോള്‍ വൈവിധ്യത (തന്നെ?), എണ്ണം ഇവയ്ക്കുള്ള പഞ്ഞം കുറഞ്ഞ് കുറഞ്ഞ് വരും. അതുകൊണ്ട് പോസ്റ്റ് ക്ഷാമം കാണില്ല. അതുകൊണ്ട് തന്നെ പോസ്റ്റിടുന്നവര്‍ വെപ്രാളപ്പെടേണ്ട കാര്യമില്ല-ഇന്നല്ലെങ്കില്‍ നാളെ.

ഓരോ സീരിയലിനും മുന്‍പ് പരസ്യം. രണ്ട് കണ്ണീര്‍ സീരിയലുകള്‍, ഒരു സൂപ്പര്‍ സ്റ്റാര്‍ ഇവയൊക്കെ ഇവര്‍ സ്പോണ്‍‌സറും ചെയ്യുന്നു. ഇത് കണ്ട് ധാരാളം പുതിയ ആള്‍ക്കാര്‍ ബ്ലോഗ് തുടങ്ങുന്നു-നാട്ടിലും മറുനാട്ടിലും.

നല്ല നല്ല പോസ്റ്റുകള്‍ അവര്‍ തിരഞ്ഞെടുത്ത് പുസ്തകമാക്കുന്നു. ലോകമെമ്പാടുമുള്ള ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നു.

അങ്ങിനെ ബ്ലോഗ് ഒരു സംഭവമാകുമ്പോള്‍ പത്രക്കാരും മറ്റും യുണിക്കോഡിലേക്ക് തിരിയുകയും ചെയ്യുന്നു.

(ഇത് തന്നെയല്ലേ സ്വാര്‍ത്ഥനും പറഞ്ഞതെന്ന് ചോദിച്ചാല്‍....

ഇതാണോ ഇത്രയും നേരം പറഞ്ഞുവന്നതെന്ന് ചോദിച്ചാല്‍...)

എന്നാല്‍ ഗുഡ് നൈറ്റ്.

 
At 16 January, 2007 16:20, Blogger myexperimentsandme said...

ആദിത്യോ, ആദിത്യ പേജ് ആകണോ ആദിത്യ ബ്രിന്‍ ആകണോ? :)

ഇനി ഇതിനെപ്പറ്റി ഒരക്ഷരം മിണ്ടൂല്ല...

 
At 16 January, 2007 20:11, Blogger evuraan said...

ഒരു ചെറിയ പ്രപ്പോസല്‍:

ആദ്യം ആര്‍ക്കൊക്കെ വേണം അവയെന്നു (വരിക്കാരെന്നു പറയാം) ഒരു ലിസ്റ്റുണ്ടാക്കുക. എന്നിട്ട് നിശ്ചിത സമയത്ത് (3 മാസം കൂടുമ്പോഴോ മറ്റോ) എന്തൊക്കെയാവും ഉള്ളടക്കമെന്നു തീരുമാനിക്കുക -- എഴുതിയ ആളിന്റെ പരിപൂര്‍ണ്ണ സമ്മതത്തോടെ മാത്രം അതാവണം. സ്മഗ്ലിംഗ് പാടില്ല.. :) ഉള്ളടക്കം ഒരുമാതിരി ഡീസന്റായി ലേ‌ഔട്ട് ചെയ്യുക.

വരിക്കാരുടെ ജിയോ-പൊളിറ്റിക്കല്‍ ലൊക്കേഷന്‍ അനുസരിച്ചു, അതാത് രാജ്യങ്ങളില്‍ നിന്നുള്ള വളണ്ടിയറന്മാര്‍, സ്വന്തം ചെലവില്‍, സ്വന്തം പ്രിന്ററില്‍ (അല്ലെങ്കില്‍, സ്വന്തം ആപ്പീസിലെ പ്രിന്ററില്‍ ) കടലാസ്സിന്റെ രണ്ടു വശത്തും പ്രിന്റി, സ്വന്തമായി സ്റ്റാമ്പ് വാങ്ങിയൊട്ടിച്ച് recipients-നു അയച്ചു കൊടുക്കുക.

ഇപ്രകാരം അമേരിക്ക/കാനഡ എന്നീ രാജ്യങ്ങളിലെ കുറച്ചു പേര്‍ക്ക് അയച്ചു് കൊടുക്കാന്‍ ഞാന്‍ തയാര്‍.

 
At 16 January, 2007 20:23, Blogger Unknown said...

സഹോദരന്മാരേ,
ഒരു സംശയം, പുസ്തകത്തിനു പകരം ഈ പുസ്തകം ആക്കിയാല്‍ പോരേ?
ആഴ്ച്ചയില്‍/മാസത്തില്‍ ബുള്ളറ്റിന്‍ പോലെ എന്തെങ്കിലും?

 
At 16 January, 2007 20:32, Blogger Mubarak Merchant said...

ഏവൂരാന്‍ പറഞ്ഞ രിതിയിലുള്ള അച്ചടി, ഇന്ത്യക്കകത്തെ അയച്ചുകൊടുക്കല്‍ എന്നീ പരിപാടികള്‍ക്ക് ഞാന്‍ തയ്യാര്‍.

ബട്ട്, ഒരു ഭേദഗതി വേണം.
ഇപ്പറഞ്ഞവ ഞാന്‍ സ്ഥിരം ചെയ്യുന്ന തൊഴിലിലുള്‍പ്പെടുന്ന കാര്യങ്ങളാകയാല്‍ ചെലവിനുള്ള പണം തരേണ്ടി വരും.
അത്, വായനക്കാരോ പ്രിന്റ് ചെയ്യപ്പെടുന്ന പോസ്റ്റിന്റെ ഉടമകളോ വഹിച്ചാല്‍ പ്രശ്നം തീര്‍ന്നു.

 
At 16 January, 2007 20:36, Blogger കടയ്ക്കല്‍ said...

സപ്തസ്വരങ്ങള്‍ പറഞ്ഞ അഭിപ്രായത്തോട്‌ യോജിക്കുന്നു, തിരഞ്ഞെടുടുത്ത കൃതികള്‍ പ്രത്യേകം ഒരു ബ്ലോഗില്‍ പ്രസിദ്ധീകരിക്കുക ആവശ്യമുള്ളവര്‍ക്ക്‌ പ്രിന്റെടുത്ത്‌ പുസ്തക രൂപത്തില്‍ വായിക്കാമല്ലോ, പിന്നെ ബൂലോകം കുറച്ചുകൂടി വളര്‍ന്നു കഴിയുമ്പോള്‍ ഒരു ദ്വൈമാസികയെക്കുറുച്ചും ചിന്തിക്കാവുന്നതാണ്‌, ഒരോ ബൊലോകവാസിയും മിനിമം പത്തുപേരെ വീതം വരിക്കാരായി ചേര്‍ക്കുക, മാസികയില്‍ വാര്‍ത്തകളും കൂടി ഉള്‍പ്പെടുത്തിയാല്‍ പോസ്റ്റേജ്‌ കണ്‍സഷന്‍ കിട്ടുന്ന ഒരു വകുപ്പുണ്ട്‌..

സ്നേഹത്തോടെ

 
At 16 January, 2007 20:37, Blogger കടയ്ക്കല്‍ said...

സപ്തസ്വരങ്ങള്‍ പറഞ്ഞ അഭിപ്രായത്തോട്‌ യോജിക്കുന്നു, തിരഞ്ഞെടുടുത്ത കൃതികള്‍ പ്രത്യേകം ഒരു ബ്ലോഗില്‍ പ്രസിദ്ധീകരിക്കുക ആവശ്യമുള്ളവര്‍ക്ക്‌ പ്രിന്റെടുത്ത്‌ പുസ്തക രൂപത്തില്‍ വായിക്കാമല്ലോ, പിന്നെ ബൂലോകം കുറച്ചുകൂടി വളര്‍ന്നു കഴിയുമ്പോള്‍ ഒരു ദ്വൈമാസികയെക്കുറുച്ചും ചിന്തിക്കാവുന്നതാണ്‌, ഒരോ ബൊലോകവാസിയും മിനിമം പത്തുപേരെ വീതം വരിക്കാരായി ചേര്‍ക്കുക, മാസികയില്‍ വാര്‍ത്തകളും കൂടി ഉള്‍പ്പെടുത്തിയാല്‍ പോസ്റ്റേജ്‌ കണ്‍സഷന്‍ കിട്ടുന്ന ഒരു വകുപ്പുണ്ട്‌..

സ്നേഹത്തോടെ

 
At 16 January, 2007 21:04, Blogger കണ്ണൂസ്‌ said...

രാവിലെ തന്നെ ഒരു ചെറിയ വിയോജനക്കുറിപ്പ്‌ എഴുതട്ടെ. (എന്തു നല്ല കാര്യം നിര്‍ദ്ദേശിച്ചാലും, അതിനുടക്കുണ്ടാക്കാനും ആരെങ്കിലും വേണമല്ലോ!)

ഒന്നാമത്തെ കാര്യം, ഈ ബൂലോഗ അച്ചടിപ്പതിപ്പിന്റെ ഉദ്ദേശമെന്താണ്‌ എന്നതാണ്‌. ആദിയും സിബുവും പറഞ്ഞ "വായിക്കാന്‍ വേണ്ടി ബൂലോഗത്തു വരുന്ന" വിഭാഗത്തെ ഉദ്ദേശിച്ചാണെങ്കില്‍ അത്‌ വിരലിലെണ്ണാവുന്ന ആള്‍ക്കാരേ വരൂ. മിക്കവാറും എല്ലാവരും പരസ്പരം അറിയുന്നവരും. ഇവര്‍ക്കിടയില്‍ ഒരച്ചടി പതിപ്പിന്‌ പ്രസക്തിയുണ്ടോ?

ഇപ്പോള്‍ തന്നെ, പല സുഹൃദ്‌വേദികളിലും ബൂലോഗത്ത്‌ വരുന്ന നല്ലത്‌ എന്ന് ഒരാള്‍ക്ക്‌ തോന്നുന്ന സാഹിത്യസൃഷ്ടികളും, സംവാദങ്ങളും PDF ആയി ഒരു വലയത്തിനുള്ളില്‍ കൈമാറ്റം ചെയ്യുന്ന രീതി നടക്കുന്നുണ്ട്‌. അങ്ങിനെ ഒന്നില്‍ക്കൂടുതല്‍ കൂട്ടങ്ങളും ഉണ്ട്‌. നല്ല സംവാദങ്ങള്‍, അച്ചടി രൂപത്തില്‍ സൂക്ഷിച്ച്‌ വെക്കുന്നവരും കുറവല്ല.

പിന്നെ, ഈ സംരഭം സഹായിക്കുക ബ്ലോഗില്‍ വരാന്‍ പറ്റാത്ത വായനാകുതുകികള്‍ ആയവരെയാണ്‌. പക്ഷേ, എന്റെ അഭിപ്രായത്തില്‍ ഈ അച്ചടിപ്പതിപ്പ്‌ കയ്യില്‍ എത്തുന്നതോടെ അവര്‍ വരാനുള്ള സാധ്യത പിന്നേയും കുറയും എന്നാണ്‌. ഇ-വായന എന്ന ശീലം വളര്‍ത്തിയെടുക്കാനല്ലേ ആത്യന്തികമായി നമ്മള്‍ ശ്രമിക്കേണ്ടത്‌? കാരണം, കുറേ വായിച്ചാലേ ഒരാള്‍ക്ക്‌ എഴുതാന്‍ തോന്നൂ. അങ്ങിനെ കൂടുതല്‍ ആള്‍ക്കാര്‍ എഴുതാന്‍ തുടങ്ങിയാലേ, ബൂലോഗത്തിന്റെ വളര്‍ച്ച ഹിറ്റുകളുടെ എണ്ണം എന്ന സാങ്കേതികത്വത്തില്‍ ഉപരി യഥാര്‍ത്ഥമാവൂ. ആ വളര്‍ച്ചയായിരിക്കും ഇ-സാഹിത്യം അംഗീകരിക്കപ്പെടാനുള്ള അളവുകോല്‍.

നല്ല രചനകള്‍ വായിക്കാന്‍ പറ്റുന്നില്ല എന്ന വിഷമത്തിന്‌ ഇ-പുസ്തകമോ, വിവരവിതരണ കേന്ദ്രമോ(Portal എന്നതിന്‌ എനിക്ക്‌ തോന്നുന്ന മലയാളം വാക്ക്‌. തിരുത്തുക ആവശ്യമെങ്കില്‍) ആയിരിക്കണം പരിഹാരം. അച്ചടിമാധ്യമത്തിലേക്ക്‌ ബൂലോഗത്തിലെ പ്രയത്‌നങ്ങളെ പറിച്ചു നടുന്നതു വഴി, നമ്മുടെ ലക്ഷ്യങ്ങളെ നാം തന്നെ പുറകോട്ട്‌ വലിക്കുകയാണ്‌.

 
At 16 January, 2007 21:06, Blogger അനംഗാരി said...

കളരിക്കാരന്റെ ആശയം നന്ന്.എനിക്കുള്ള ചില സംശയങ്ങള്‍ ചോദിക്കട്ടെ.
1.തനിമലയാളം എന്ന പേരില്‍ ആദ്യം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് മാസികക്കായി അച്ചടിക്കാനുള്ള തലക്കെട്ട് സ്വന്തമാക്കണം.അത് ശ്രമകരമായ ജോലിയാണ്.
2.ഇതിന്റെ നടത്തിപ്പിനായി,കേരളത്തിലെ ഏതെങ്കിലും സ്ഥലം കേന്ദ്രീകരിച്ച് ഒരു പത്രാധിപര്‍,പത്രാധിപസമിതി,അക്ഷരതെറ്റുകള്‍ തിരുത്തിയെടുക്കാന്‍ ഒരാള്‍,എന്നിങ്ങനെ വേണം.
3.മാസികക്ക് എത്ര താളുകള്‍ എന്ന് തീരുമാനിക്കണം.
4.മാസിക പത്രങ്ങള്‍ അച്ചടിക്കുന്ന ന്യൂസ്പ്രിന്റ് കടലാസാണെങ്കില്‍ വിലക്കുറവില്‍ സംഘടിപ്പിക്കാന്‍ എറണാകുളത്ത് വഴിയുണ്ട്.
5.ഒരു പുസ്തകം എത്ര പകര്‍പ്പുകള്‍ വേണമെന്ന് തീരുമാനിക്കണം.അത്രയും പകര്‍പ്പ് ഒരു തവണ അച്ചടിക്കുന്നതിന് വരുന്ന് ചിലവു,തപാല്‍ ചിലവ്,ഇതിനു പിന്നിലെ അദ്ധാനത്തിനു വരുന്ന ചിലവുകള്‍ എന്ന കണക്കാക്കി പുസ്തകത്തിന്റെ വില കണക്കാക്കണം.അത് ബൂലോഗര്‍ക്ക് സമര്‍പ്പിച്ച് അതിന് തീരുമാനമാകണം.
6.ബൂലോഗരുടെ കൃതികളെ പ്രസിദ്ധീകരിക്കൂ എന്ന് തീരുമാനിക്കണം.ഇവിടെയാണ് വക്കാരിയുടെ തലയില്‍ വിരിഞ്ഞ കച്ചവടക്കാരന്‍ രംഗപ്രവേശം ചെയ്യുന്നത്.ആളുകള്‍ ബൂലോഗത്ത് ഇടിച്ച് കയറി...
പിന്നെ എന്താവും കഥ?
7.ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വേണം.മറ്റൊന്ന് ബൂലോഗര്‍ക്കിടയില്‍ മാത്രമാണോ ഇതിന്റെ പ്രചാരണം (വിതരണം)ആലോചിക്കുന്നത്?
എങ്കില്‍ കഥ,കവിത,യാത്രാ കുറിപ്പുകള്‍, ലേഖനങ്ങള്‍,എന്നിങ്ങനെയല്ലാതെ വരുന്ന എന്തെല്ലാം ഉള്‍പ്പെടുത്തും?.ബൂലോഗം അല്ലെങ്കില്‍ ബ്ലോഗ് ഒരു ഡയറികുറിപ്പ് കൂടിയാണല്ലോ?
വിശദമായ മറുപടിയും, ചര്‍ച്ചയും പ്രതീക്ഷിക്കുന്നു.

 
At 16 January, 2007 21:46, Blogger Sreejith K. said...

അതിമനോഹരമായ ആശയം. സ്വാര്‍ത്ഥാ കൊട് കൈ.

ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ സാമ്പത്തികമായും, അധ്വാനപരമായും സഹായിക്കാന്‍ ഞാന്‍ തയ്യാര്‍.

ബ്ലോഗര്‍ ഓഫീസില്‍ ബ്ലോക്ക്ഡ് ആയവര്‍ക്കും, പ്രിയപ്പെട്ടവര്‍ക്ക് ഒരു സമ്മാനമായി നല്‍കാനും ഒക്കെയായി ഇങ്ങനെ ഒരു പ്രസിദ്ധീകരണം ഉണ്ടാകുന്നത് എത്രയോ നല്ലത്. ഇ-പ്രസിദ്ധീകരണം ആയാല്‍ അതു വായിക്കാന്‍ വീണ്ടും കമ്പ്യൂട്ടര്‍ വേണ്ടി വരും. അതൊഴിവാക്കാനാണല്ലോ ഈ പ്രസിദ്ധീകരണം എന്ന ആശയം കൊണ്ട് വന്നത് തന്നെ.

വിട്ടുപോകുന്ന കമന്റുകളെക്കുറിച്ച് ചെറിയ എന്തെങ്കിലും ആ പോസ്റ്റിനു അനുബന്ധമായി പ്രസിദ്ധീകരണത്തില്‍ തന്നെ കൊടുക്കാവുന്നതേയുള്ളൂ. ആശയങ്ങള്‍ക്കാണോ പഞ്ഞം. ബ്ലോഗുകള്‍ ഇപ്പോഴുള്ള ഈ ഒരു നിലവാരത്തില്‍ നിന്ന് ഉയര്‍ന്നേ പറ്റൂ. ആര് അച്ചടിക്കും, ആര് പ്രസിദ്ധീകരിക്കും എന്നൊക്കെയുള്ള ചോദ്യങ്ങളും പ്രസക്തമാണെന്ന് തോന്നുന്നില്ല. ഓരോ ഉത്തരവാദിത്വവും ഓരോ ആള്‍ ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നാല്‍ മതിയല്ലോ.

ഞാന്‍ ഉണ്ടാകും സ്വാര്‍ത്ഥാ കൂടെ, ഇതെന്റെ വാക്കാണ്. എല്ലാ ഭാവുകങ്ങളും.

 
At 16 January, 2007 22:04, Blogger Unknown said...

ആദ്യമേ പോസ്റ്റിയതു പോലെ കടലാസ്‌ പുസ്തകത്തിനു പകരം ഈ പുസ്തകം e-book ആക്കുകയാണെങ്കില്‍ പ്രൊജക്റ്റ്‌ നടപ്പാക്കാന്‍ വളരെ എളുപ്പമായിരിക്കും. യാത്രക്കിടയിലുള്ള വായന സൌകര്യം എന്ന രീതിയില്‍ മാത്രമേ എനിക്ക്‌ ഇതിനോട്‌ അനുകൂലിക്കുവാന്‍ സാധിക്കൂ.

ബൂലോകത്തിന്റെ വളര്‍ച്ചയ്ക്ക്‌ വേണ്ടത്‌ കഴിയുന്നതു ആള്‍ക്കാര്‍ ബ്ലോഗില്‍ തന്നെ വന്നു വായിക്കുവാനുള്ള അവസരം സൃഷ്ടിക്കുക എന്നതാണ്‌. ബ്ലോഗില്‍ വരാതെ പോസ്റ്റുകള്‍ വായിച്ച്‌ പോകുന്നവര്‍ ബൂലോകസമൂഹത്തിലെ അംഗമായിമാറാനുള്ള സാധ്യത വിരളമാണ്‌. ഇപ്പ്പ്പോള്‍ ബൂലോകത്തില്‍ ആക്റ്റീവായിട്ടുള്ള സുഹൃത്തുക്കള്‍ ഈ e book ലേക്ക്‌ മാറുമ്പോള്‍ അവരുടെ ബൂലോകത്തിലുള്ള participation ഗണ്യമായ രീതിയില്‍ കുറയും. ബ്ലൊഗ്ഗില്‍ ലഭിക്കേണ്ട പ്രതികരണങ്ങള്‍ കുറയുമ്പോള്‍ ബ്ലോഗ്‌ ഇതു പോലെ നടത്തി കൊണ്ട്‌ പോകണമോ എന്ന് പലര്‍ക്കും സംശയം വരും. established ആയിട്ടുള്ള ബ്ലോഗന്മാര്‍ക്ക്‌ പ്രതികരണം പല വഴിയും ലഭിക്കും, പക്ഷേ പുതുമുഖങ്ങള്‍ക്ക്‌ അതു ഒരു വിഷമകരമായ അവസ്ഥ സൃഷ്ടിക്കും.

എതിര്‍പ്പ്‌ പ്രകടിപ്പിച്ചാല്‍ പിന്നെ ചോദ്യം, എന്നാല്‍ പിന്നെ എന്താ വേറേ പരിഹാരം?

ഒരു പോംവഴി, തിരഞ്ഞെടുത്ത പോസ്റ്റുകളുടെ ലിങ്ക്‌ , അതു ആഴ്ച്കയിലാകാം , മാസത്തിലാകാം ഒരു ഈ മെയിലായോ വെബ്‌ പേജായോ ബൂലോകര്‍ക്ക്‌ എത്തിച്ചു കൊടുക്കാം . something like a news letter ഇതില്‍ പോസ്റ്റിന്റെ കുറച്ച്‌ ഭാഗം സ്മഗിള്‍ ചെയ്യാതെ ചേര്‍ക്കാം.


പിന്നെ എഡിറ്റോറിയല്‍ ബോര്‍ഡ്‌ 'അറിവിന്റെ രാഷ്ട്രീയം - അധികാരത്തിന്റെ രാഷ്ട്രീയം' അങ്ങനെ വല്ലതും? പിന്തിരിപ്പന്‍ , പ്രതിലോമകാരി, ഞാന്‍ ചെവി പൊത്തി!

 
At 16 January, 2007 23:01, Blogger കണ്ണൂസ്‌ said...

ജിത്തേ, ഒരു നിമിഷം:

ആദ്യം തന്നെ എന്താണ്‌ ഈ അച്ചടിപ്പതിപ്പിന്റെ പ്രസക്തി എന്ന് ഞാന്‍ ചോദിക്കാനുള്ള കാരണം അതാണ്‌. നാം ലക്ഷ്യമിടുന്ന ഉപഭോക്താക്കളെ ഇങ്ങനെ 3 വിഭാഗമായി തിരിക്കാം എന്ന് തോന്നുന്നു.

1. സമയക്കുറവോ മറ്റ്‌ സാങ്കേതിക കാരണങ്ങളോ കൊണ്ട്‌ ബൂലോഗത്ത്‌ വരുന്ന സൃഷ്ടികള്‍ വായിക്കാന്‍ കഴിയാതെ പോവുന്ന ബൂലോഗ അംഗങ്ങള്‍.

നേരത്തെ പറഞ്ഞപോലെ ഇവര്‍ക്ക്‌ ബൂലോഗം പരിചിതമാണ്‌. ആദിയും ഡെയ്‌നും ലക്ഷ്യമാക്കിയത്‌ ഇവരേയാണെന്നാണ്‌ എനിക്ക്‌ മനസ്സിലായത്‌. ഇവര്‍ക്ക്‌ വേണ്ടിയാണെങ്കില്‍ നാം ഒരു അച്ചടിപ്പതിപ്പിന്‌ പ്രയത്‌നിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല. ഇ-പുസ്തകം മതിയാവും. ഇതിനായി ഇവര്‍ക്ക്‌ നിലവിലുള്ള സമാനഹൃദയരായ ഏതെങ്കിലും സുഹൃദ്‌സംഘത്തില്‍ ചേരുകയോ പുതിയതായി ഒരു ഗൂഗിള്‍ സംഘം ആരംഭിക്കുകയോ ചെയ്താല്‍ മതിയാവും.

2. ബൂലോഗത്തില്‍ അംഗമല്ലാത്ത, എന്നാല്‍ വായനയില്‍ താത്‌പര്യമുള്ള സാഹിത്യ കുതുകികള്‍.

ഇവര്‍ക്കായി അച്ചടിപ്പതിപ്പ്‌ ഒരുക്കുന്നത്‌ ആത്‌മഹത്യാപരമാണ്‌. ഇവിടെ നാം ബൂലോഗത്തിന്റെ വളര്‍ച്ചാ സാധ്യതകളെ മുരടിപ്പിക്കുകയാണ്‌. ഇവര്‍ക്ക്‌ ഇ-വായനയിലും എഴുത്തിലും താത്‌പര്യമുണ്ടാക്കുകയാണ്‌ ചെയ്യേണ്ടത്‌. ആദ്യപടി എന്ന നിലയില്‍ ഇ-പതിപ്പ്‌ ഇവര്‍ക്കെത്തിച്ച്‌, സംഘങ്ങള്‍ക്കുള്ളില്‍ത്തന്നെ പ്രസക്തമായ ചര്‍ച്ചകളില്‍ സമാന്തരമായ ചര്‍ച്ചകള്‍ തുടങ്ങിവെച്ച്‌, ഇവരേയും ബൂലോഗത്തേക്ക്‌ ആകര്‍ഷിക്കുകയാണ്‌ വേണ്ടത്‌. "മറുപുറം" തുടങ്ങിയപ്പോള്‍ ഉദ്ദേശിച്ച ഒരു കാര്യം ഇതായിരുന്നു. ചില സുഹൃത്തുക്കള്‍ക്കിടയില്‍ ഇത്‌ നടക്കുന്നുമുണ്ട്‌. അച്ചടിപ്പതിപ്പ്‌ എത്തിക്കുന്നതിലൂടെ, ഇവരെ വായനക്കാര്‍ മാത്രമായി ചുരുക്കുകയാണ്‌ നാം ഫലത്തില്‍ ചെയ്യുന്നത്‌.

3. ബൂലോഗത്തെക്കുറിച്ച്‌ അറിവില്ലാത്ത, സാമാന്യ ജനങ്ങള്‍.

തപാലിലൂടെയും, കൈമാറ്റത്തിലൂടെയും ഉള്ള ഒരു വിതരണശൃംഖല മതിയാവില്ല ഇവരില്‍ എത്തിച്ചേരാന്‍. ഈ വിഭാഗത്തോട്‌ സംവദിക്കണമെങ്കില്‍ ബൂലോഗം സാധാരണ പുസ്തകശാലകളിലും, സ്റ്റാന്‍ഡുകളിലും എത്തിച്ചേരണം. ഇതിന്‌ നമ്മള്‍ ചെയ്യേണ്ടത്‌, ഇപ്പോള്‍ കൊടകരപുരാണം പ്രസിദ്ധീകരിക്കപ്പെടുന്ന പോലെ, ബൂലോഗത്തെ തെരഞ്ഞെടുത്ത സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ അംഗീകരിക്കപ്പെട്ട പ്രസാധകരുടെ സഹായം തേടുക എന്നുള്ളതാണ്‌. സക്കറിയ, മേതില്‍ തുടങ്ങി പ്രസിദ്ധരായ എഴുത്തുകാര്‍ ബൂലോഗത്തില്‍ ഉണ്ടാവേണ്ടതിന്റെ പ്രസക്തിയും ഇതാണ്‌. ഇന്ന് വിശാലമനസ്‌കന്‍ എഴുതിയ കൊടകരപുരാണങ്ങള്‍ ആണ്‌ വരുന്നതെങ്കില്‍ നാളെ അത്‌ തെരഞ്ഞെടുത്ത കുറേ സംവാദങ്ങളുടെ സംഗ്രഹം ആവാം, വ്യത്യസ്ത എഴുത്തുകാരുടെ കവിതകളുടെ ശേഖരം ആവാം, കഥകളാവാം..

 
At 16 January, 2007 23:27, Blogger Sreejith K. said...

സ്വാര്‍ത്ഥന്‍ മനസ്സില്‍ കണ്ടത് തന്നെയാണ് എന്റെ മനസ്സിലും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ പുസ്തകത്തിന് ഉണ്ടാകാന്‍ സാധ്യത ഉള്ള ചില ഉപഭോക്താക്കള്‍ എന്റെ നോട്ടത്തില്‍.

1) സാങ്കേതിക പ്രശ്നങ്ങള്‍ മൂലമോ സമയക്കുറവ് മൂലമോ നല്ല രചനകള്‍ തിരഞ്ഞെടുക്കാന്‍ ഇപ്പോള്‍ മാര്‍ഗ്ഗം ഇല്ലാത്തത് മൂലമോ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ (ഞാന്‍ ഈ വിഭാഗത്തില്‍ പെടും)
2) ഒരു നല്ല രചന ഇന്നു ബ്ലോഗില്‍ ഉണ്ടായാല്‍ അതെന്നും ഓര്‍മ്മിക്കാന്‍ പാകത്തില്‍ സൂക്ഷിച്ചു വയ്ക്കാന്‍ താത്പര്യപ്പെടുന്നവര്‍ ( എല്ലാ ബ്ലോഗേര്‍സും ഇതില്‍ വരുമായിരിക്കാണം). നമ്മള്‍ ഓണ്‍ലൈന്‍ വേര്‍ഷന്‍ ലഭ്യമാണെങ്കിലും പുസ്തകങ്ങള്‍ വാങ്ങുന്നില്ലേ. എം.എസ്.ഡി.എന്‍ ഉണ്ടായിട്ടും നമ്മള്‍ എന്തേ ടെക്നിക്കല്‍ പുസ്തകങ്ങള്‍ വാങ്ങുന്നു.
3) യാത്രയ്ക്കിടയില്‍ വായിക്കുവാന്‍ (ലാപ്പ്ടോപ്പ് ഇല്ലാത്തവര്‍ എന്ത് ചെയ്യും?)
4) സുഹൃത്തുക്കള്‍ക്ക് സമ്മാനിക്കാന്‍ ( സ്വന്തം രചന പ്രസിദ്ധീകരിച്ച പുസ്തകം ഒരാള്‍ക്ക് സമ്മാനിക്കുന്നതിനു പകരം വയ്ക്കാന്‍ എന്തുണ്ട്?)
5) ഇന്റെര്‍നെറ്റോ കമ്പ്യൂട്ടറോ ഉപയോഗിക്കാന്‍ അറിയാത്ത, എന്നാല്‍ വായനയില്‍ താത്പര്യം ഉള്ളവര്‍ ( എന്റെ മാതാപിതാക്കള്‍ ഈ ഗണത്തില്‍ പെടും)

ഇവര്‍ക്കൊക്കെ പുസ്തകരൂപത്തില്‍ ഉള്ള ബ്ലോഗുകള്‍ ഉപകാരപ്പെടില്ലേ? ബ്ലോഗുകള്‍ക്ക് പ്രചാരം നല്‍കുകയല്ലാതെ ബ്ലോഗുകളുടെ വളര്‍ച്ച മുരടിപ്പിക്കും ഈ പുസ്തകം എന്നെനിക്ക് യാതൊരു രീതിയിലും അംഗീകരിക്കാന്‍ സാധിക്കില്ല.


ബ്ലോഗ് ലോകം വളരേണ്ടിയിരിക്കുന്നു. ഇന്നീക്കാണുന്ന പൊട്ടക്കിണറ്റില്‍ മാത്രം ഒതുങ്ങിയാല്‍പ്പൊര നമ്മള്‍ക്ക്. മലയാലം ബ്ലോഗിങ്ങിനെക്കാള്‍ എത്ര മുന്നിലാണ് മറ്റു ഭാഷാ ബ്ലോഗേര്‍സ് എന്നത് നമ്മള്‍ മറന്നുകൂട.

എല്ലാവരുടേയും സമ്മതവും താത്പര്യവും ഇവിടെ ഉറപ്പാക്കിയതിനു ശേഷം ഭാരിച്ച കാര്യങ്ങളായ പ്രസാധകര്‍, വിതരണം എന്നിവയെപ്പറ്റി ഉത്തരവാദിത്തപ്പെട്ടവര്‍ ബ്ലോഗിനു പുറത്ത് സംസാരിച്ച് തീരുമാനിച്ചാല്‍‍ മതി എന്നാണ് എന്റെ പക്ഷം. 800 പേരിലധികം ഉള്ള ബ്ലോഗ് ലോകത്ത് ഇത്തരം ഒരു സംരംഭം മുടക്കാന്‍ ഒരാളുടെ പിന്തിരിപ്പന്‍ നയം മതി എന്നതിനാലാണ് ഇങ്ങനെ എനിക്ക് തോന്നാന്‍ കാരണം.

 
At 16 January, 2007 23:42, Blogger സു | Su said...

നല്ലൊരു പരിപാടിയാണ്. എല്ലാവരുടേയും കൃതികള്‍ എടുത്ത് വെക്കാവുന്നതാണ്. അവരൊക്കെ ചോദ്യം ചെയ്താല്‍, ഞാനല്ല സമ്മതം തന്നത് എന്ന് എടുത്ത് പറയണം. എന്നാലേ അവര്‍ക്ക് ബോദ്ധ്യമാവൂ. ;)

പിന്നെ അഭിപ്രായങ്ങളൊക്കെ ഞാന്‍ സ്വാര്‍ത്ഥന്റെ മെയിലില്‍ അയക്കാം. അല്ലെങ്കില്‍ ചാറ്റില്‍. എന്റെ ബുദ്ധിജീവിപരമായ അഭിപ്രായം കമന്റ് ബോക്സില്‍ വന്ന്, ആരെങ്കിലും കണ്ട് കണ്ണുവെച്ചാലോ. അതോടെ കഴിഞ്ഞില്ലേ കാര്യങ്ങളൊക്കെ. ഒളിഞ്ഞിരുന്ന് വെടിവെക്കുന്നതാ നല്ലത്. കൊണ്ടില്ലെങ്കിലും നമ്മുടെ മുഖം പുറത്ത് വരില്ലല്ലോ. ;)

 
At 16 January, 2007 23:50, Blogger സ്വാര്‍ത്ഥന്‍ said...

ആദീ താല്പര്യമാ‍ണ് പ്രധാനം, അത് തനിക്കും ഉണ്ട് എന്നറിയുന്നതില്‍ സന്തോഷം. ബാക്കിയെല്ലാം വഴിയേ വരും.
കമന്റുകളിലാണ് ബൂലോഗത്തിന്റെ ജീവന്‍. അതൊഴിവാക്കിക്കൊണ്ടുള്ള പരിപാടി എന്റെ മനസ്സിലില്ല.

സിബൂ അതെ, വായനക്കാര്‍ക്കാണ് ഇത് കൂടുതല്‍ ഗുണം ചെയ്യുക

വക്കാരീ ഈ ചര്‍ച്ച തന്നെ ഒരു ‘തലച്ചോറടിച്ചു നിരത്തല്‍’ അല്ലേ? മാനേജ്മെന്റിനാ‍യി ഒരു സംഘടനയേക്കുറിച്ച് ചിന്തിക്കണം.
‘പൂക്കൂട’ മാത്രമല്ല, ബൂലോഗ സമ്മേളനങ്ങളടക്കം പലതിനും അത് പ്രയോജനം ചെയ്യും.
“ധാരാളം കാശുള്ള ഒന്നോ രണ്ടോ പേര്‍. പുതിയ രീതികള്‍ പരീക്ഷിക്കാന്‍ മിടുക്കര്, അവര്‍ ബ്ലോഗ് വഴി കാശുണ്ടാക്കാനുള്ള പരിപാടി പ്ലാന്‍ ചെയ്യുന്നു.”
ഇതില്‍ ആദ്യത്തെ കാര്യത്തോടു മാത്രം ഞാന്‍ വിയോജിക്കുന്നു. ഇവിടെ നമ്മള്‍ ഒരു കൂട്ടായ്മയ്ക്കാണ് ലക്ഷ്യമിടേണ്ടത്.
അഖില ലോക ബൂലോഗ മാലോക............ സംഘടന

ഏവൂരാനേ നല്ല പ്രൊപ്പോസല്‍. ലേഔട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ളതാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.
താങ്കള്‍ നിര്‍ദ്ദേശിച്ച രീതിയില്‍ അച്ചടിയും വിതരണവും നടത്തിക്കൊടുക്കുന്ന സ്ഥാപനങ്ങള്‍ ഇന്ന് നിലവിലുണ്ട്.

സപ്തവര്‍ണ്ണമേ ഇ-ബുക് താരതമ്യേന എളുപ്പമുള്ള ഒരു പദ്ധതിയാണ്. പുസ്തകരൂപത്തിലകുമ്പോള്‍ വായനാസംതൃപ്തി മറ്റൊരു തലത്തില്‍ അനുഭവിക്കാം.
ബ്ലോഗില്‍ പബ്ലിഷ് ചെയ്ത കൃതികളും കമന്റുകളും മാത്രമേ പുസ്തകത്തില്‍ ഉണ്ടാകൂ എന്നു വന്നാല്‍ ബൂലോഗ അംഗസംഖ്യ കൂടാനേ തരമുള്ളൂ.

ഇക്കാസേ നല്ല മനസ്സിനു നന്ദി.
തീര്‍ച്ചയായും അദ്ധ്വാനി(L. K. അല്ല)ക്കുന്നവന്‍ വേതനത്തിന് അര്‍ഹനാണ്. പുസ്തകത്തിന്റെ വരിസംഖ്യയില്‍ നിന്ന് ഇത് പരിഹരിക്കാവുന്നതേ ഉള്ളൂ.

താഴ്വാരമേ താങ്കള്‍ പറഞ്ഞ പോസ്റ്റേജ് കണ്‍സഷന്‍ പോലെ മറ്റു ചില വകുപ്പുകള്‍ കൂടിയുണ്ടെന്ന് അറിയുന്നു.
അവയേക്കുറിച്ചുകൂടി വിവരങ്ങള്‍ ശേഖരിക്കാമോ?

കണ്ണൂസേ വിയോജനക്കുറിപ്പുകള്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.
അവധിദിവസങ്ങളില്‍ ലേബര്‍ക്യാമ്പുകളില്‍ നിന്നും എന്റെ അടുക്കല്‍ ഓടിയെത്തി ബ്ലോഗ് വായിക്കുന്ന കൂട്ടുകാര്‍ എനിക്കുണ്ട്.
അവരെ സംബന്ധിച്ച് കണക്റ്റിവിറ്റി വിദൂര സ്വപ്നം മാത്രമാണ്. എന്നിട്ടും എഴുത്തില്‍ പങ്കുചേരാന്‍ അവര്‍ താല്പര്യം കാണിച്ചു.
‘ചെന്തൊണ്ടിപ്പഴങ്ങള്‍’ ഉദാഹരണം
കത്തയക്കുമ്പോള്‍ നല്ല ഒരു കൃതിയുടെ പ്രിന്റ് എടുത്ത് അയക്കുന്ന രീതി ഞാന്‍ സ്വീകരിക്കുന്നു.
അച്ചടി രൂപത്തില്‍ ബ്ലോഗുകള്‍ സൂക്ഷിച്ചു വയ്ക്കുന്നവര്‍ ഉണ്ടെന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്നു.
അതിന്റെ ഒരു വൃത്തിയും വെടിപ്പുമുള്ള രൂപം എന്നേ ഇതുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ.

അനംഗാരീ 100% പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനു താങ്കളോട് പ്രത്യേകം നന്ദി പറയുന്നു.
ഇതിനു വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങക്കുറിച്ചുള്ള അറിവു കൂടി പകരാമോ?

ശ്രീജിത്തേ സന്മനസ്സുള്ളവര്‍ക്ക് സമാധാനം.
ആവശ്യം സൃഷ്ടിയുടെ മദര്‍-ഇന്‍-ലാ അല്ലേ!
എഡിറ്റര്‍മാര്‍ക്ക് ഏറ്റവും ശ്രമകരമാ‍വുക കമന്റുകള്‍ എഡിറ്റ് ചെയ്യ്ന്നതിലായിരിക്കും എന്ന് സംശയമില്ല.
അതു പക്ഷേ പ്രസിദ്ധീകരണ രംഗത്ത് ഒരു ചലനം സൃഷ്ടിക്കും.
5ആം വിഭാഗത്തില്‍ പെടുന്നവരെയാണ് എനിക്കും പ്രിയം.
പ്രതികരണങ്ങള്‍ വരട്ടെ, പിന്തിരിയാന്‍ ആഗ്രഹമില്ലാത്ത കുറേപ്പേര്‍ ഇവിടെയുണ്ടെന്ന് എനിക്ക് ഇതിനോടകം തന്നെ ബോദ്ധ്യമായി :)

സൂ സന്തോഷം :)
ഈ പോസ്റ്റ് ഇനിയും വൈകിക്കാതിരിക്കാന്‍ നിമിത്തമായതില്‍ താ‍ങ്കള്‍ക്കും പങ്ക് ഉണ്ട്.

ബാല്‍ക്കണിയില്‍ ഇരുന്നു വായിക്കാന്‍ എനിക്കിതു വേണം എന്നറിയിച്ചിരിക്കുന്നു അതുല്യ.
(പാവം, ബ്ലോഗ് തുറക്കാന്‍ കഴിയാതെ കഷ്ടപ്പെടുകയാണ്)

 
At 16 January, 2007 23:53, Blogger Physel said...

ശ്രീജിത്,

ആശയം നന്ന്. പക്ഷേ അതിന്റെ പ്രായോഗിക വശം അത്ര സുഖമുള്ള ഒന്നല്ല. ഒരു മാസികയായെങ്കിലുമങ്ങിനെയൊന്ന് പുറത്തു വരണമെങ്കിലും അത് പ്രസിദ്ധീകരിക്കുവാന്‍ ഒരു സ്ഥിരം സംവിധാനം ആവശ്യം വരും. ഒരു മുഴുവന്‍ സമയ ജോലിയായി അതു കൊണ്ടു നടത്താന്‍ ആള്‍ക്കാര്‍ വേണ്ടി വരും. അനുബന്ധ ഘടകങ്ങള്‍ വേണ്ടി വരും. തിരക്കിനിടയില്‍ എല്ലാം ഒന്നോടിച്ചു വായിച്ചു പോകുന്ന നമുക്കൊക്കെ ഇതിനും കൂടെ സമയം കണ്ടെത്താന്‍ പറ്റുമോ? ഇനി പറ്റിയാല്‍ തന്നെ ഇതിന്റെ സാമ്പത്തിക വശം? ലാഭത്തിനു വേണ്ടിയല്ലെങ്കിലും ഇതിനു വേണ്ടി വരുന്ന ചെലവെങ്കിലും സ്വരൂപിക്കാന്‍ കഴിയേണ്ടേ. ഒന്നാലോചിച്ചാല്‍ ഗൂഗിള്‍ സൌജന്യമായി ബ്ലോഗിന് സ്ഥലം അനുവദിച്ചതു കൊണ്ടല്ലേ ഇത്രയെങ്കിലും വളര്‍ച്ച ഇതിനുണ്ടായത്? (ഈ സര്‍വീസിന്‌ അവര്‍ വല്ല ഫീസും നിശ്ചയിക്കുകയാണെങ്കില്‍ സമയത്തിനു പുറമേ പണവും മുടക്കി എത്ര പേര്‍ ഇതിനു തയ്യാറാവും?)

കുറച്ചു കൂടെ പ്രായോഗികമായത്, ഇ-ബുക് എന്ന ആശയമാണ്. ബൂലോഗര്‍ക്കിടയില്‍ നിന്നും സുസമ്മതരായ ഒരു എഡിറ്റോറിയല്‍ ബോര്‍ഡിനെ തിരഞ്ഞെടുക്കാന്‍ പറ്റിയാല്‍ ഒരു സൌജന്യ ഇ ബുക് തുടങ്ങാണുള്ള പ്രതിഭയും സംഘടനാ പാടവവും ഉള്ളവര്‍ നമ്മുടെയിടയില്‍ തന്നെയുണ്ട്. അങ്ങിനെ വന്നാല്‍ പുസ്തക രൂപത്തില്‍ ആവശ്യമുള്ളവര്‍ക്ക് നമുക്ക് തന്നെ പ്രിന്റൌട് എടുത്തു കൊടുക്കുകയും ആവാമല്ലോ? സ്ഥിരമായി വായിക്കാന്‍ കഴിയാത്തവര്‍ക്കും മോണിറ്റര്‍ വായന ബുദ്ധിമുട്ടുള്ളവര്‍ക്കും ഉപയോഗപ്പെടില്ലേ ഇത്?

 
At 16 January, 2007 23:58, Blogger Unknown said...

വളരെ നല്ല സ്വപ്നം. രജിസ്റ്റ്ട്രെഷന്‍ നടപടി, അച്ചടി, മാ‍ര്‍ക്കറ്റിങ്ങ്, തുടങ്ങി എല്ലാ മേഖലയിലും സാമ്പത്തീകമായും അധ്വാനപരമായും ഞാന്‍ മുന്‍ പന്തിയില്‍ തന്നെ നില്‍ക്കാന്‍ തയ്യാറാണ്.

കൂടുതല്‍ ചര്‍ച്ചകള്‍ക്കൊപ്പം നല്‍കാവുന്നതാണ്.

 
At 17 January, 2007 00:01, Blogger കണ്ണൂസ്‌ said...

ജിത്ത്‌ അക്കമിട്ട്‌ പറഞ്ഞ അഞ്ച്‌ കാര്യങ്ങളില്‍ ഒരെണ്ണമൊഴികെ (പുസ്തകം സമ്മാനിക്കുന്നത്‌) എല്ലാം, ഒരു ഇ-പുസ്തകം പ്രിന്റ്‌ ചെയ്താല്‍ സാധിക്കാവുന്നതേയുള്ളൂ. ഒരു അച്ചടിപ്പതിപ്പ്‌ വിഭാവനം ചെയ്ത്‌, പുറത്തിറക്കി, വിതരണം ചെയ്യാനുള്ള പ്രയത്‌നവും പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത്‌ അതിന്‌ ചെലവാകുന്ന ക്രിയാശേഷി ശരിയായ ദിശയിലാണോ എന്ന് ഞാന്‍ സംശയിക്കുന്നു എന്നു മാത്രം.

ഒന്നല്ല പത്തു പേര്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചാലും ചെയ്യാം എന്ന് തോന്നുന്ന കാര്യം ചെയ്യാനുള്ള സംഘടനാ പാടവവും, ഊര്‍ജ്ജവും ഡെയ്‌നിനുണ്ട്‌ എന്നുറപ്പുള്ളതു കൊണ്ട്‌ എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞു കൊണ്ടിരിക്കുന്നു. ;-)

 
At 17 January, 2007 00:41, Blogger Unknown said...

ബൂലോഗത്തിന് വിസിറ്റേഴ്സിനെ കുറയ്ക്കുന്നതോ സമാന്തര വായനയെ പ്രോത്സാഹിപ്പിയ്ക്കുന്നതോ ആയ തരത്തില്‍ ഒന്നിനേയും ഞാന്‍ അനുകൂലിക്കുന്നില്ല. ബൂലോഗത്ത് നടക്കുന്നതെന്താണെന്ന് നാലാളറിയട്ടെ എന്ന തരത്തിലുള്ള അച്ചടിയെ എതിര്‍ക്കുന്നുമില്ല. ബൂലോഗത്തിന് ഒരു എക്സ്പോഷര്‍ എന്നതിലുപരി നെറ്റില്‍ വരാതെയും വായിക്കാമെന്ന തരത്തിലാക്കുന്നതിനോട് എനിയ്ക്ക് തീരെ യോജിപ്പില്ല. ബ്ലോഗിങ് എന്ന ആശയത്തെ മറികടക്കുന്ന തരത്തിലായിപ്പോകാന്‍ സാധ്യതയുണ്ട്.

ബൂലോഗത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം എത്തുന്ന രീതിയില്‍ ഒരു പ്രസിദ്ധീകരണം നടത്തുക എന്നത് എളുപ്പമാവുകയുമില്ല. മൂന്ന് മാസം കൂടുമ്പോള്‍ ഒരു അവലോകനം എന്ന നിലയില്‍ പ്രസക്ത പോസ്റ്റുകള്‍ അച്ചടിയ്ക്കുന്നതിനോട് എതിര്‍പ്പില്ല. അതിലും കൂടിയ ഫ്രീക്വന്‍സിയുടെ സാധ്യതകളെ കുറിച്ച് എനിയ്ക്ക് സംശയമുണ്ട്.

 
At 17 January, 2007 01:32, Blogger Kumar Neelakandan © (Kumar NM) said...

പ്രിന്റ് മീഡിയയ്ക്ക് സമാന്തരമായി വളര്‍ന്ന ബൂലോകത്തെ അച്ചടിരൂപത്തിലാക്കി വീണ്ടും പ്രിന്റ് മീഡിയത്തിന്റെ കാല്‍ക്കല്‍ കൊണ്ടുവയ്ക്കുന്നതിനോട് യോജിപ്പില്ല.
(എന്താ ഞാന്‍ എല്ലാറ്റിനും കയറി കുറുകേ നില്‍ക്കുന്നത്? ആവോ, എനിക്കറിയില്ല. വിവരക്കേടും അഹങ്കാരവും അല്പം കൂടുതലാണ് എന്ന് ഞാന്‍ സമ്മതിച്ചാല്‍ പിന്നെ ഇരുട്ടടിവരില്ലല്ലൊ!)

പലസ്ഥലങ്ങളില്‍ പലതിരക്കുക്കളില്‍, പല ഭാവങ്ങളില്‍ ഇരിക്കുന്ന നമ്മളൊക്കെ ചേര്‍ന്ന് ഒരു പ്രിന്റ് എഡിഷന്‍ ഇറക്കുന്നതിലെ പ്രാവര്‍ത്തികത പിടികിട്ടുന്നില്ല. പ്രിന്റ് ചെയ്തു ഇറക്കുമ്പോള്‍ സ്ഥിരമായി ഇറങ്ങണം. അല്ലാതെ ഞ്ങ്ങള്‍ ഇതു ഇറക്കും എന്ന വാശിയില്‍ ഒന്നു രണ്ടെണ്ണം പോരാ.. അങ്ങനെ ആണെങ്കില്‍ പ്രിന്റ് എഡിഷന്‍ വായിക്കുന്നവരുടെ മനസില്‍ ബ്ലോഗുകള്‍ അകാലത്തില്‍ മരിക്കും.

വിശാലനു കൊടകരപോലെ ആര്‍ക്കും അവരുടെ കൃതികള്‍ പ്രിന്റ് ആക്കാം. കൂടുതല്‍ വായനക്കാരുടെ ഇടയിലേക്ക് ഇറങ്ങാം. വിശാലനെ കൂടുതല്‍ പേരറിഞ്ഞ പീ ഡി എഫ് തന്നെ ആണ് എനിക്കിവിടെ പറയാന്‍ ഒരു മറുമരുന്ന്. ആദ്യം ബൂലോകം നെറ്റില്‍ തന്നെ വളരട്ടെ. ബൂലോകത്തിന്റെ ജീവന്‍ പ്രിന്റ് മീഡിയയില്‍ അല്ല.

എന്തായാലും തുടങ്ങു. കുറഞ്ഞപക്ഷം ഒരു പിഡി എഫ് ആയിട്ടെങ്കിലും..

(ഓ ടോ : മിസ്റ്റ്ര് ഡെയ്‌ന്‍, ഇതു നേരത്തെ കണ്ടിരുന്നു.
പക്ഷെ ബൂലോകത്തില്‍, ഉള്ളില്‍ തോന്നിയ അഭിപ്രായം പറയാന്‍ തല്‍ക്കാലം താത്പര്യം ഇല്ല. പേടിയല്ല, ഒരു തരം അറപ്പ്. താങ്കള്‍ മെയിലിലൂടെ അഭിപ്രായം ചോദിച്ചതുകൊണ്ട് മാത്രമാണ് മനസില്‍ തോന്നിയതു പറഞ്ഞത്.)

 
At 17 January, 2007 02:15, Anonymous Anonymous said...

ഞാന്‍ ചെയ്യുന്ന രീതി പറയാം.
എനിക്ക്‌ ഒരു മെയിലിംഗ്‌ ലിസ്റ്റ്‌ ഉണ്ട്‌. അതിലൂടെ പലപ്പോഴും ഞാന്‍ വിവിധ ബ്ലോഗ്‌ പോസ്റ്റുകള്‍ പി.ഡി.എഫ്‌ ആക്കി മെയില്‍ അയക്കാറുണ്ട്‌. ഇതിനായി ഒരു എഡിറ്റിങ്ങും നടത്താറില്ല. പി.ഡി.എഫ്‌ ക്രിയേറ്റര്‍ എന്ന സ്വതന്ത്രസോഫ്റ്റ്‌വേയറുപയോഗിച്ച്‌ ബ്ലോഗ്‌ പോസ്റ്റിന്റെ (കമന്റടക്കം) അതായത്‌ കമ്പ്ലീറ്റ്‌ വെബ്‌പേജുകളുടെ പി.ഡി.എഫ്‌ ഫയലുണ്ടാക്കും. അത്‌ ഈ-മെയില്‍ വഴി വിതരണം ചെയ്യും. ആവശ്യക്കാര്‍-പലപ്പോഴും ഞാനടക്കം, മറ്റുള്ളവര്‍ക്കു വായിക്കാനായി- പ്രിന്റ്‌ എടുത്ത്‌ വായിക്കും.
അങ്ങനെ പി.ഡി.എഫുകളാക്കി ബ്ലോഗ്‌ പോസ്റ്റുകള്‍ സൂക്ഷിക്കലും കഴിയും, പ്രചരണവും കഴിയും. ഇതുകൊണ്ട്‌ ധാരാളം ഗുണങ്ങളുണ്ടായിട്ടുണ്ട്‌. ഒരു പാട്‌ പേര്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുന്നുണ്ട്‌.
കമ്പ്ലീറ്റ്‌ വെബ്‌പേജുകളുടെ -പ്രൊഫൈല്‍ അടക്കം-പി.ഡി.എഫ്‌ ആണെന്നതിനാല്‍ കോപ്പിറൈറ്റ്‌ പ്രശ്നങ്ങളുമില്ല. യു.ആര്‍.എല്‍ അടക്കം എല്ലാം അതിലുണ്ടാകും.
അനുവാദം ചോദിക്കാതെ റീപ്രൊഡ്യൂസ്‌ ചെയ്തു എന്നൊരുകുറ്റമുണ്ട്‌. അതറിയാതെയല്ല. പക്ഷെ നോണ്‍ കമേഴ്സ്യല്‍ യൂസ്‌, പിന്നെ സോഴ്സ്‌ അങ്ങനെ തന്നെയല്ലെ കാണുന്നത്‌ എന്നൊക്കെ കാരണം ഈ കുറ്റം അത്ര കാര്യമാക്കുന്നില്ല. (അതല്ല വല്ലവര്‍ക്കും പ്രശ്നമുണ്ടെങ്കില്‍ പറയണേ... മാപ്പാക്കണേ.. അറിയിച്ചാല്‍ ഇനിമുതല്‍ ചെയ്യില്ല.)
-സു-

 
At 17 January, 2007 08:36, Blogger Cibu C J (സിബു) said...

ഒരു കൃതിയെ മീഡിയം A ഇല്‍ നിന്ന്‌ മീഡിയം B യിലേയ്ക്ക്‌ മാറ്റുമ്പോള്‍ ആദ്യത്തേത്തിന്റെ പല ഗുണങ്ങളും പോവുകയും രണ്ടാമത്തേതിന്റെ കോര്‍ ആയ സവിശേഷതകള്‍ കിട്ടുകയും ചെയ്യും. ഈ സമയത്ത്‌ മീഡിയം A യുടെ നഷ്ടപ്പെട്ടുപോകുന്ന ഗുണങ്ങള്‍ അതേപടി സൂക്ഷിക്കാന്‍ ശ്രമിക്കുന്നത്‌ മണ്ടത്തരമാണ്. പകരം മീഡിയം B യുടെ പ്രത്യേകതകള്‍ മുഴുവന്‍ ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന്‌ നോക്കുകയാണ് വേണ്ടത്‌. ഉദാഹരണം നോവല്‍ സിനിമയാക്കുന്നത്‌. അതുപോലെ തന്നെയാണ് ബ്ലോഗിനെ പുസ്തകമാക്കുമ്പോളും. ബ്ലോഗിലെ ഇന്ററാക്ഷന്‍ നഷ്ടപ്പെടും എന്ന്‌ വിലപിക്കുന്നതില്‍ കാര്യമില്ല. നഷ്ടപ്പെടും. അതല്ലപ്രധാനം, അച്ചടിയുടെ സാധ്യതകള്‍ ഇവിടെ ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ടോ എന്നതാണ്. ...പിഡി‌എഫ് ആയി ഡിസ്റ്റ്രിബ്യൂട്ട് ചെയ്യുന്നത്‌ നല്ല കാര്യമാണ്. പുസ്തകത്തിന്റെ വലുപ്പം 30-50-ന് അടുത്തുള്ള പേജുകളായി നിശ്ചിതപ്പെടുത്തേണ്ടതുണ്ട്‌. അതുകൊണ്ട്‌ തന്നെ തിരഞ്ഞെടുത്ത 3-4 കമന്റുകളേ ഓരോ കൃതിയുടെ കൂടേയും ചേര്‍ക്കാനാവൂ. ബ്ലോഗിന്റെ ഇന്റര്‍നെറ്റ് അഡ്രസ്സ് തീര്‍ച്ചയായും പോസ്റ്റിന്റെ കൂടെ വേണം. കാര്യം കൂടി ഓര്‍മ്മിപ്പിക്കുന്നു: ‘The perfect is the enemy of the good'.

 
At 17 January, 2007 09:58, Blogger സ്വാര്‍ത്ഥന്‍ said...

ഫൈസലേ ഒരു സ്ഥിരം സംവിധാനം തന്നെയാണ് ആലോചനയിലുള്ളത്.
ബൂലോഗത്തെ സംബന്ധിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകുന്ന സ്ഥിരം സംവിധാനം. പ്രസിദ്ധീകരണം അതിന്റെ ഭാഗം മാത്രം.

രാജൂ നല്ല മനസ്സിനു നന്ദി. നേരില്‍ ബന്ധപ്പെടാം.

കണ്ണൂസേ എന്നേക്കുറിച്ച് കുറിച്ച നല്ല വാക്കുകള്‍ക്ക് റൊമ്പ നണ്ട്രി :)

ദില്‍ബൂ ബൂലോഗത്തിന് ഒരു എക്സ്പോഷര്‍ എന്നതു തന്നെയാണ് ലക്ഷ്യം. നിലപാട് വ്യക്തമാക്കുന്നതിനെ സ്വാഗതം ചെയ്യുന്നു.

കുമാറേ ബ്ലോഗുകള്‍ക്ക് സമാന്തരമായിരിക്കില്ല ഈ പദ്ധതി, അല്പം പുറകിലായിട്ട് പിന്തുടരും എന്നേയുള്ളൂ.
കുമാറിന്റെ തന്നെ ‘പ്രിയമുള്ള ബ്ലോഗുകള്‍‍’ പോലെ, മറഞ്ഞുകിടക്കുന്ന പോസ്റ്റുകള്‍ക്ക് ഒരു ഉണര്‍വു കൂടി.

സുനിലേ പീഡീഎഫില്‍ നിന്ന് ആളുകള്‍ ബൂലോഗത്തെത്തുന്നുണ്ടെങ്കില്‍ പുസ്തകത്തിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിക്കും. പുസ്തകം ഒരു ‘ടീസര്‍’ ആക്കിയാല്‍ മതി.

സിബൂ ബ്ലോഗുകളും അവയുടെ കമന്റുകളും ചേര്‍ന്നുള്ള ആ സവിശേഷത പ്രിന്റ് മേഖലയുടെ സാദ്ധ്യതകളില്‍ വിരിയിക്കുന്നത് അവിശ്വസനീയമായ ആസ്വാദ്യത ആയിരിക്കും.

 
At 17 January, 2007 10:00, Blogger Sreejith K. said...

കണ്ണൂ‍സ്, മുന്‍പ് ഞാന്‍ ഇതേ പോലെ പ്രിന്റ് എടുത്ത് വീട്ടില്‍ കൊണ്ടു വരാറുണ്ടായിരുന്നു പ്രിയപ്പെട്ട ചില കൃതികള്‍. പക്ഷെ പിന്നീടത് വീട്ടില്‍ അലസമായിക്കിടന്ന് നഷ്ടപ്പെടുകയും, പോരാതെ കമ്പനി പ്രിന്ററില്‍ ബ്ലോഗുകള്‍ പ്രിന്റ് ചെയ്യുന്നതിന്റെ ചമ്മലും ഒക്കെയായപ്പോള്‍ ഞാന്‍ ഉപേക്ഷിച്ചു. ഒരു ബ്ലോഗ്, അതിന്റെ കമന്റുകള്‍ സഹിതം പ്രിന്റ് എടുക്കുമ്പോള്‍ മൂന്ന് പേജ് ശരാശരി വരും. അത് ഒരു തൊല്ല തന്നെ.

പി.ഡി.ഫ് ആയി ബ്ലോഗുകള്‍ സൂക്ഷിക്കുന്നതിനേക്കാളും നല്ലത് ലിങ്കുകള്‍ ഒരു എക്സെല്‍/നോട്ട്പാഡ് ഫയലില്‍ സൂക്ഷിക്കുന്നതല്ലേ? നേരിട്ട് ബ്ലോഗ് വായിക്കുന്നതിനേക്കാള്‍ എന്ത് പ്രയോജനമാണ് ഈ പി.ഡി.എഫ് ഫയല്‍ നല്‍കുന്നത്? ഓഫ്‌ലൈന്‍ വായന സാധ്യമാക്കുന്നുവെന്നതാണോ? ആ പ്രയോജനം തള്ളിക്കളയുന്നില്ല. പക്ഷെ അതെത്ര പേര്‍ക്ക് പ്രയോജനം ചെയ്യും?

പുസ്തകരൂപത്തിലുള്ള ബ്ലോഗുകള്‍ക്ക് അതിന്റേതായ പ്രയോജനമുണ്ട്. സിബു പറഞ്ഞതിനോട് നൂറു ശതമാനവും യോജിക്കുന്നു. രണ്ടും ഉള്ളത് അതിന്റേതായ രീതിയില്‍ നല്ലതാണ്. അതിന്റെ ഗുണങ്ങള്‍ മനസ്സിലാക്കുമ്പോള്‍ അത് വാങ്ങാനും വായിക്കാനും കൂടുതല്‍ ആളുകള്‍ മുന്നോട്ട് വരുമെന്ന് തന്നെ തോന്നുന്നു. നടപ്പില്‍ വരുത്താനുള്ള പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ സമ്മതിക്കുന്നു. പക്ഷെ ഇക്കാര്യത്തില്‍ നമുക്ക് ആകെയുള്ള തടസ്സം നമ്മളുടെ മനസ്സിന്റെ ഉള്ളില്‍ തന്നെയുള്ള പിന്തിരിപ്പന്‍ സ്വഭാവം മാത്രമാണ്. അതുടനെ മാറുമെന്ന് പ്രാര്‍ത്ഥിക്കാം. ഈ നല്ല സംരംഭത്തിന് സ്വാര്‍ത്ഥന് എന്റെ എല്ലാ ആശംസകളും.

 
At 17 January, 2007 10:46, Blogger Cibu C J (സിബു) said...

പിഡി‌എഫ് ഫോര്‍മാറ്റിനെ പിന്താങ്ങിയത്‌ പ്രിന്റൌട്ട് എടുക്കുന്നതിലുള്ള എളുപ്പം ഓര്‍ത്ത്‌ മാത്രമാണ്. വേറേ ഫോര്‍മാറ്റ് എന്തെങ്കിലുമുണ്ടെങ്കില്‍ അതാവാം. എന്നാല്‍ ലിങ്കുകള്‍ ഒരു നോട്ട്പാഡില്‍ എടുത്തുവച്ച്‌ അയച്ചുകൊടുക്കുന്നതിനോട്‌ ഒരു യോജിപ്പും ഇല്ല. അത്‌ ഒരു ബ്ലോഗ് റീഡറിനെ വളരെ മോശമായി ഇമിറ്റേറ്റ് ചെയ്യുകയാണ്. അതല്ല ഇവിടത്തെ ചിന്താവിഷയം. എങ്ങനെ ബ്ലോഗുകളെ കടലാസിലാക്കും എന്നതാണ്. സന്നദ്ധപ്രവര്‍ത്തകര്‍ക്ക്‌ ഒന്നോ പത്തോ പ്രിന്റൌട്ടുകളെടുത്ത്‌ വിതരണം ചെയ്യാന്‍ പാകത്തില്‍ എല്ലാം സെറ്റ് ചെയ്തിട്ടുള്ള ഒരു പീഡി‌എഫ് ആണ് എന്റെ സ്വപ്നത്തില്‍. പിഡി‌എഫിന്റെ പേജുകളുടെ എണ്ണം ഒരു പരിധിയില്‍ കൂടരുത്‌ എന്നൊരു ആഗ്രഹം മാത്രമുണ്ട്‌.

 
At 17 January, 2007 18:36, Blogger Unknown said...

സ്വാര്‍ത്ഥന്‍ ഉദ്ദേശിക്കുന്നതും ആദിത്യന്‍ പറഞ്ഞതുമായ ' ടാര്‍ഗറ്റ്‌ ഓഡിയന്‍സ്‌' കന്നൂസ്സ്‌ പറഞ്ഞ ഒന്നാം വിഭാഗത്തിനെ പെട്ടവരാണെന്നാണ്‌ ഞാനും മനസ്സിലാക്കിയിരിക്കുന്നത്‌ - തിരക്കുള്ള active ബ്ലോഗ്ഗന്മാര്‍. സമയം കുറവു മൂലം ബുദ്ധിമുട്ടുന്ന ഇവര്‍ക്ക്‌ നല്ല പോസ്റ്റുകള്‍ അടങ്ങിയ ഒരു പുസ്തകം, അതാണ് ഈ പ്രോജക്റ്റിന്റെ മുഖ്യ ലക്ഷ്‌യം എന്നായിരുന്നു ഞാന്‍ മനസ്സിലാക്കിയിരുന്നത്.

ബ്ലോഗുകളുടെ ഒരു നല്ല ഗുണമായി കഴിഞ്ഞ ഗള്‍ഫ്‌ മീറ്റില്‍ പറഞ്ഞ ഒരു കാര്യമാണ്‌ പെട്ടെന്ന് കിട്ടുന്ന പ്രതികരണം (ബെന്യാമന്‍ പറഞ്ഞത്‌?) ഈ പ്രതികരണങ്ങള്‍ നഷ്ടപ്പെടുവാന്‍ സാധ്യതയുണ്ട്‌ എന്ന ഒരു ആകുലതയുടെ പുറത്താണ്‌ ഞാന്‍ വിയോജിപ്പ്‌ രേഖപ്പെടുത്തിയത്‌. established ബ്ലോഗന്മാര്‍ക്ക് പ്രതികരണം പലവഴികളില്‍ ലഭിക്കും. പക്ഷേ തുടക്കക്കാര്‍ക്കും എഴുതി തെളിഞ്ഞ് വരുന്നവര്‍ക്കും ഇതു ഒരു അസുഖകരമായ സാഹചര്യം സൃഷ്ടിക്കുമോ എന്നൊരു ശങ്ക.

പിന്നീടുള്ള കമന്റുകളില്‍ ' ടാര്‍ഗറ്റ്‌ ഓഡിയന്‍സ്‌' പുനര്‍നിര്‍വചനം നടത്തിയിരിക്കുന്നു, ബൂലോകത്തിന് വെളിയിലുള്ളവര്‍ക്ക് എന്നാക്കിയിരിക്കുന്നു. അതു പോലെ “ബ്ലോഗുകള്‍ക്ക് സമാന്തരമായിരിക്കില്ല ഈ പദ്ധതി, അല്പം പുറകിലായിട്ട് പിന്തുടരും എന്നേയുള്ളൂ.“ ഈ കാര്യങ്ങള്‍ വെച്ചു ചിന്തിക്കുമ്പോള്‍ എനിക്ക് അതൊരു നല്ല കാര്യമായിട്ടാണ് തോന്നുന്നത്. ഇങ്ങനെയുള്ള ' ടാര്‍ഗറ്റ്‌ ഓഡിയന്‍സ്‌' ന് കടലാസ് പുസ്തകം തന്നെ വേണം!


ബ്ലോഗുകളെ കടലാസിലേക്ക് / ഈ പുസ്തകത്തിലേക്ക് കൊണ്ട് പോകുക എന്നതു കൊണ്ട് ഗുണവും ദോഷവും ഉണ്ടാകും. ബ്ലോഗുകള്‍ക്ക് കൂടുതല്‍ ഗുണം ഉണ്ടാകുമോ എന്നല്ലേ നമ്മള്‍ നോക്കേണ്ടത്?

ശ്രീജിത്തേ,
പിന്തിരിപ്പന്‍ ആശയം ഒന്നും മുന്നോട്ട് വെച്ചതല്ല കേട്ടോ, ശ്രീജിത്ത് തന്നെ പറഞ്ഞ പോയിന്റ് 1 നോക്കിക്കേ, ഈ ആഴ്ച്ചയിലെ നല്ല പോസ്റ്റുകളുടെ ഒരു ഈ പുസ്തകം കിട്ടിയാല്‍ പിന്നെ സമയം ഉണ്ടാക്കി ആ ബ്ലോഗില്‍ പോയി ആ പോസ്റ്റ് നമ്മള്‍ വായിക്കില്ല. അവിടെ ചെന്നാ‍ല്‍ ഒരു കമന്റ് വെക്കാനുള്ള സാധ്യതയെങ്കിലും ഉണ്ട്, ഈ ബുക്ക് വഴി വായിച്ച് പോയ ഒരു പോസ്റ്റ് ഓര്‍ത്ത് വെച്ച് കമന്റടിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമല്ലേ? അങ്ങനെ നിലവിലുള്ള ആക്റ്റീവ് ബ്ലോഗേര്‍സ് ഓരോരുത്തരായി ഈ ബുക്ക് വായനക്കാരായി മാറും. ഈ ഒരു സാഹചര്യത്തില്‍ ഒരു private സമൂഹമേ ഉണ്ടാകൂ ( ഈ മെയില്‍/ ചാറ്റ് വഴി) , ഇതിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്, അതിനുള്ള പരിഹാരമാണ് പോര്‍ട്ടലിലെ തിരഞ്ഞെടുത്ത കൃതികളുടെ ഒരു വെബ് പേജ്, അല്ലെങ്കില്‍ ഒരു ഈ മെയില്‍ വഴി ആ ലിങ്കുകള്‍ എത്തിച്ചു കൊടുക്കുക എന്നത്.

 
At 17 January, 2007 20:48, Blogger അനംഗാരി said...

ഇവിടെ ചില കാര്യങ്ങള്‍ പ്രസക്തമാണ് എന്ന് തോന്നുന്നു.എന്തിനാണ് ബൂലോഗ കൃതികള്‍ പുസ്തകമാക്കുന്നത്?എന്റെ ഉത്തരം ലളിതമാണ്.
ബൂലോഗ കൃതികള്‍ ഒരു പുസ്തകമാക്കുമ്പോള്‍,അതില്‍ ബ്ലോഗറുടെ മേല്‍‌വിലാസം (യു.ആര്‍.എല്‍ )കൊടുക്കുന്നു എന്ന് വിചാരിക്കുക.ഒരു വായനക്കാരന് ആ ബ്ലോഗറിലേക്ക് എത്താനുള്ള് ഒരു ചൂണ്ടു പലകയാണത്.രണ്ട്.ബൂലോഗത്തിലെ മുഴുവന്‍ കൃതികളും വായിച്ച് തീര്‍ക്കാന്‍ ആര്‍ക്കും കഴിയുകയില്ല.കാരണം ബൂലോഗത്തുള്ളവര്‍ ബ്ലോഗിങ് തുടങ്ങിയത് പല സമയങ്ങളിലും, കാലങ്ങളിലുമാണ്.അപ്പോള്‍ ഒരു ബ്ലോഗര്‍ അയാള്‍ക്ക് പ്രിയപ്പെട്ടത് എന്ന് തോന്നിയ ഒരു കൃതിയെ പുതിയ വായനക്കാരിലേക്ക് എത്തിക്കാന്‍ ഇതൊരു നല്ല മാര്‍ഗ്ഗമാണ്.കുമാറിന്റെ നല്ല പോസ്റ്റുകള്‍ എന്ന ബ്ലോഗിന്റെ ലക്‍ഷ്യവും ഇത് തന്നെയല്ലേ? പുസ്തകമാക്കുന്നു എന്നത് കൊണ്ട് ബ്ലോഗിനുള്ള വായനക്കാര്‍ ഇല്ലാതാവുകയില്ല.മറിച്ച് ഇന്‍‌ഡ്യയിലെ എല്ലാ ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് സംവിധാനം ഇല്ലെന്ന് അറിയുക.(കേരളത്തില്‍ പോലും)അപ്പോള്‍ അങ്ങിനെയൊരു സ്ഥലത്തുള്ള ഒരാള്‍ക്ക് ബ്ലോഗിലേക്ക് എത്താനുള്ള ഒരു വഴിയാണ് പുസ്തകം.പിന്നെ ബ്ലോഗിന് രണ്ടു തരത്തിലുള്ള വായനക്കാര്‍ ഉണ്ടാവുകയും ചെയ്യും.ഇതുകൂടൂതല്‍, ബ്ലോഗില്‍ എഴുതുന്നവരെ ഗൌരവമുള്ളതും കാമ്പുള്ളതുമായ രചനകള്‍ ചെയ്യുനതിന് നിര്‍ബന്ധിതമാക്കും.ബ്ലോഗ് കൂടുതല്‍ ജനകീയമാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം.
ഓ:ടോ:ഡെയ്ന്‍,അറിയാവുന്ന വിവരങ്ങള്‍ പങ്കുവെക്കുന്നതിന് സന്തോഷമേയുള്ളു.എന്റെ ഇ-തപാല്‍ മേല്‍‌വിലാസം ബ്ലോഗിലുണ്ട്.ആവശ്യമെങ്കില്‍ കത്തയക്കുക.

 
At 18 January, 2007 02:53, Blogger നന്ദു കാവാലം said...

പ്രാവര്‍ത്തികമാക്കാന്‍ ദ്രുഡനിശ്ചയം എടുത്താല്‍ നടക്കാവുന്ന കാര്യം. പതിവു പോല ചുവപ്പ്, നീല, പച്ച, കാവി നിറങ്ങളില്‍ പെട്ടുലാതിരുന്നാല്‍ ഭാഗ്യം.അക്ഷരങ്ങള്‍ പേപ്പറിന്റെ ഗന്ധത്തോടെ വായിക്കുന്നതു സുഖം.

 
At 20 January, 2007 13:39, Blogger രാജ് said...

നടക്കുംന്ന് തോന്നുന്നില്ല.

ഒരു ബൂലോഗം സീരീസിനു സാധ്യതയുണ്ട്. ബ്ലോഗില്‍ മാത്രം പ്രസിദ്ധീകരിച്ച കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ എന്നിങ്ങനെ. ഈ വിഭാഗത്തിലൊന്നും പെടാത്ത എഴുത്തുകളെ തള്ളിക്കളയുകയൊന്നും വേണ്ടാ, ഷെല്‍‌വിയുടെ ‘ഓര്‍മ്മ’ പോലെ മറ്റൊന്നിനു സാധ്യതയുണ്ടു്. ആവശ്യത്തിനു കണ്ടന്റ് ആവുമ്പോള്‍ നല്ല എഡിറ്റിങിനു ശേഷം ഈ സീരീസുകള്‍ പുറത്തിറക്കാവുന്നതാണു്. സോണീ ടീവിയിലെ ഹാസ്യപരിപാടികള്‍ക്കൊപ്പം കൈയടി ശബ്ദവും പ്രക്ഷേപണം ചെയ്യുന്നതു പോലെ ഈ കൃതികള്‍ക്കൊപ്പം കമന്റുകളും പ്രസിദ്ധീകരിക്കണം എന്നില്ല, എന്നാല്‍ കൃതിയെ സംബന്ധിച്ചു നടന്നിരിക്കുന്ന ക്രിറ്റിക്കല്‍ റീഡിങ് - കമന്റുകളിലും മറ്റു ബ്ലോഗുകളിലും പ്രസിദ്ധീകരിച്ചതു് അനുബന്ധമായി പ്രസിദ്ധീകരിക്കാവുന്നതാണു്.

 
At 22 January, 2007 10:04, Blogger Inji Pennu said...

എനിജീ ലോജിക്കൊരിക്കലും മനസ്സിലാവാറില്ല. യൂണികോഡില്‍ മലയാളം എഴുതിയിട്ട് തിരിച്ച് മങ്ങ്ലീഷില്‍ എഴുതാന്‍ പറയുമൊ? അതുപോലെയല്ലേ ഇതും? ബ്ലോഗുകള്‍ മാത്രമല്ലല്ലോ വായിക്കാന്‍ കിടക്കുന്നതു. ഇന്റര്‍നെറ്റ് കണക്ഷന്‍ പോലുമില്ല്ലാത്തവര്‍ക്ക് എന്റെ അഭിപ്രായത്തില്‍ നല്ല നല്ല പുസ്തകങ്ങളുടെ കോപ്പികള്‍ എത്തിച്ചുകൊടുക്കുന്നതാവും ബ്ലോഗുകള്‍ പ്രിന്റ് ചെയ്തു കൊടുക്കുന്നതിനേക്കാളും അഭികാമ്യം (അമ്മെ!). ആദ്യം വായന വളരട്ടെ, അതിലൂടെ ഇന്റര്‍നെറ്റുണ്ടെങ്കില്‍ ബ്ലോഗും എന്ന ആശയക്കാരിയാണ് ഞാന്‍.

പണ്ട് സുലേഖ.കോം ഇതുപോലൊരു പരിപാടി ചെയ്തിരുന്നു 2001-ല്‍. അതും പെന്‍ഗ്വിന്‍ ഇന്ത്യയായിരുന്നു പബ്ലിഷര്‍. ആ ബുക്ക് എന്റെ കയ്യില്‍ ഉണ്ട്. അവരെനിക്ക് ഫ്രീ ആയിട്ട് തന്നതാണ്. ഞാന്‍ കാശ് കൊടുത്തോ മറ്റോ അത് മേടിക്കുമെന്ന് തോന്നുന്നില്ല. വായിച്ചു നോക്കിയതിനു ശേഷവും അത് തന്നെ അഭിപ്രായം. എനിക്ക് വല്ല്യ ഇന്റ്രസ്റ്റിങ്ങ് ആയിട്ട് തോന്നിയില്ല..ഉം എന്ന് മാത്രം തോന്നി. അത് വഴി സുലേഖക്ക് പുതിയ റീഡേര്‍സിനെ അധികം കിട്ടിയുമില്ല എന്നാണ് കേട്ടത്. കിട്ടിയത്, ഏ എന്നാല്‍ എന്റേയും പ്രസിദ്ധീകരിച്ചേക്കുമോ എന്ന് വിചാരിച്ച് എത്തിയ കുറച്ച് അമച്വര്‍ എഴുത്തുകാര്‍ മാത്രം.
അതുകൊണ്ട് പറ്റുമെങ്കില്‍ ഇതൊക്കെ പേപ്പറില്‍ പ്രസിദ്ധീകരിക്കുന്ന നേരവും പൈസയും കൊണ്ട്, ആര്‍ക്കെങ്കിലും ഒരു കമ്പ്യൂട്ടര്‍ മേടിച്ച് കൊടുക്കുന്നതാവില്ലെ നല്ലത്? :-) :-)

ചുമ്മാ ഒരു അഭിപ്രായം മാത്രം. പ്ലീസ് തല്ലരുത്. അല്ലെങ്കില്‍ എനിക്കാശയം ശരിക്കും മനസ്സിലായിട്ടില്ല...

 

Post a Comment

<< Home