കളരി::Kalari

"എനിക്കും ഇവരേപ്പോലെ എഴുതണം" എന്ന് ആഗ്രഹിക്കുന്നവര്‍ക്ക്‌...

Thursday, January 19, 2006

എന്തെഴുതണം?

ഭൂമിമലയാളത്തില്‍ എന്തിനേക്കുറിച്ചും നമുക്ക്‌ എഴുതാം. എന്നാല്‍, നമ്മെ ഒഴിയാബാധ പോലെ പിന്തുടരുന്ന ചില സംഗതികളുണ്ടാകും. അവയേക്കുറിച്ചെഴുതിയാല്‍ ബാധ ഒഴിയും, എഴുത്തിന്റെ തിളക്കവും കൂടും.

ജനിച്ച്‌ വളര്‍ന്ന വീടും നാടും വിട്ട്‌ പ്രവാസിയായ വിശാല മനസ്കന്‍ ആ ഓര്‍മ്മകളേക്കുറിച്ച്‌ എഴുതാന്‍ തുടങ്ങി. 'കൊടകര' എന്ന ഗ്രാമം ഇന്ന് നമ്മുടെ മനസ്സില്‍ പച്ച പിടിച്ചു കഴിഞ്ഞു.

ചില നേരത്ത്‌ ഇബ്രുവിനെ ചില വിചാരങ്ങള്‍ പിടിച്ച്‌ കുലുക്കും. വൈകാതെ അത്‌ വാക്കുകളായി വിരിയുന്നു.

സു വീട്ടമ്മയാണ്‌. വീട്ടുകാര്യത്തിനിടയില്‍ തന്നെ അലട്ടുന്ന ഒരുപാട്‌ പ്രശ്നങ്ങള്‍ മനസ്സില്‍ പൊങ്ങിവരുന്നു. അത്‌ മാത്രമാണ്‌ അവര്‍ എഴുതുന്നത്‌.

'പുട്ട്‌ ' ഒരുനാള്‍ കുട്ട്യേടത്തിയെ വശീകരിച്ചു. അതിന്നൊരു 'പ്രസ്ഥാനമായി ' വളര്‍ന്നുകൊണ്ടിരിക്കുന്നു:)

മനസ്സിനെ അലട്ടുന്ന ചിന്തകളേയും വികാരങ്ങളേയും, അവ എന്തുതന്നെ ആയിക്കോട്ടെ, പിന്നീട്‌ വായിക്കാവുന്ന വിധത്തില്‍ എവിടെയെങ്കിലും കോറിയിടുക. (ബ്ലോഗിലിടരുത്‌, ഏവൂരാന്റെ പാതാളക്കരണ്ടിയില്‍ കുടുങ്ങാന്‍ സമയമായിട്ടില്ല). ഒരു 'സ്ക്രാപ്‌ ബുക്‌ ' എപ്പോഴും കയ്യില്‍ കരുതുന്നത്‌ നന്നായിരിക്കും. അതെ, മറ്റുള്ളവര്‍ക്ക്‌ 'സ്ക്രാപ്‌ ' എന്ന് തോന്നുന്ന ചിന്തകള്‍ നമുക്കിവിടെ കോറിയിടാം. നിത്യേനയെന്നോണം ഈ കൊച്ചു പുസ്തകത്തില്‍ രേഖപ്പെടുത്തിയവ ഡയറിയിലേക്ക്‌ പകര്‍ത്തുക, ഒരു ചിന്താശകലത്തിന്‌ ഒരു പേജ്‌ എന്ന തോതില്‍. ഇവയാണ്‌ നിങ്ങളുടെ എഴുത്തിന്റെ ബീജം!

Wednesday, January 18, 2006

മുഖവുര

ആരും എഴുത്തുകാരായി ജനിക്കുന്നില്ല. അധികമാരും എഴുത്തുകാരാകുന്നുമില്ല. എന്താണിതിനു കാരണമെന്ന്‌ അന്വേഷിച്ച എനിക്ക്‌ ഈ ഉത്തരമേ ലഭിച്ചുള്ളൂ: എഴുത്ത്‌ ഒരു കലയാണ്‌
(ഇതാര്‍ക്കാണറിയാത്തത്‌?)

കലയ്ക്ക്‌ ഒരു സമവാക്യമുണ്ട്‌:
കല = കഴിവ്‌ + കരവിരുത്‌
(ഇതും അറിയാം മാഷേ...)
അറിയാമെങ്കി എഴുതരുതോ...?

കഴിവ്‌ ഇല്ല അല്ലേ? ആരുപറഞ്ഞു ഇല്ലെന്ന്‌? നിങ്ങളുടെ കഴിവുകളെയും സാദ്ധ്യതകളെയും കുറിച്ച്‌ ഇരുത്തി ചിന്തിക്കാന്‍ സമയമായിരിക്കുന്നു. കഥയെഴുതാന്‍ കഴിവില്ലെങ്കിലും കവിതയെഴുതാന്‍ കഴിഞ്ഞേക്കും. ഒരുപക്ഷേ ലേഖനം അഥവാ നിരൂപണം ആയിരിക്കും നിങ്ങളുടെ കഴിവ്‌ തെളിയിക്കുന്നത്‌. കാമുകിയോ കാമുകനോ ആവാന്‍ കഴിവില്ലാത്തവര്‍ നല്ലൊരു ഭാര്യയോ ഭര്‍ത്താവോ രക്ഷിതാവോ ആയിക്കൂടെന്നില്ലല്ലോ?

കരവിരുത്‌ പരിശീലിച്ചെടുക്കാവുന്നതാണ്‌. എഴുത്ത്‌ കലയുടെ സമവാക്യത്തിലെ ഈ ഭാഗം എഴുതിത്തന്നെ തെളിയിക്കാം. മറ്റ്‌ എഴുത്തുകാരുടെ കൃതികള്‍ വായിക്കുന്നതും അവരെങ്ങനെ എഴുതുന്നു എന്ന്‌ അറിയുന്നതും സഹായകമാവും (കോപ്പിയടിയല്ല ഉദ്ധേശിച്ചത്‌). എന്നാല്‍ അറിഞ്ഞിരിക്കേണ്ട സാധാരണ തത്ത്വങ്ങളുണ്ട്‌, അവ വരും നാളുകളില്‍ എന്നാലാവും വിധം ഇവിടെ വിവരിക്കാം.

"ഇതൊക്കെ എഴുതാന്‍ മാത്രം ഇവനാരെടാ?" എന്നാവും...

കഥയില്‍ ചോദ്യമില്ല കൂട്ടരേ... :)